SHARE

ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ എന്നിവർ വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന റോഡ് സേഫ്റ്റി ലോക ടി20 സീരീസിൽ കളിച്ചാകും ഇവരുടെ മടങ്ങിവരവ്. അഞ്ച് രാജ്യങ്ങളിലെ വിരമിച്ച ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന വാർഷിക ടി20 ടൂർണമെന്റാണ് ലോക സീരീസ്. ഇന്ത്യ, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ മുൻ താരങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുക.

സച്ചിൻ ടെണ്ടുൽക്കർക്കും, ബ്രയാൻ ലാറയ്ക്കും പുറമേ ഇന്ത്യൻ ഇതിഹാസ താരം വീരേന്ദർ സേവാഗ്, ഓസ്ട്രേലിയൻ താരം ബ്രെറ്റ്ലീ, ശ്രീലങ്കയുടെ തിലകരത്നെ ദിൽഷൻ, ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് എന്നിവരും ഈ ടൂർണമെന്റിൽ പങ്കെടുക്കും. അടുത്ത വർഷം ഫെബ്രുവരി 2 മുതൽ 16 വരെ ഇന്ത്യയിലെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലായിട്ടാകും ടൂർണമെന്റ് നടക്കുക. വിരമിച്ച മുൻ സൂപ്പർ താരങ്ങളുടെ കളി ഒരിക്കൽക്കൂടി കാണാനുള്ള അവസരമാണ് ഈ ടൂർണമെന്റിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് ലഭിക്കുക. അത് കൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്തിന് മുഴുവൻ വലിയ ആവേശമാണ് ഈ വാർത്ത സമ്മാനിച്ചിരിക്കുന്നത്.