SHARE

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലെ ഫേവറിറ്റുകൾ ഇന്ത്യൻ ടീമാണെന്നും, ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുക ആതിഥേയരായ ഇംഗ്ലണ്ടായിരിക്കുമെന്നും ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം പി‌ടിഐ യോട് സംസാരിക്കുമ്പോളായിരുന്നു സച്ചിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” റെക്കോർഡുകൾ മുൻ നിർത്തി ഞാൻ പറയുകയാണ്, നമ്മുടേത് ഏറെ സന്തുലിതമായ ടീമാണ്. ലോകത്തെ ഏത് സാഹചര്യങ്ങളിലും മികവ് കാട്ടാൻ കഴിവുള്ളവരാണ് നമ്മുടെ താരങ്ങൾ. നമ്മൾ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റുകളെന്ന് നിസംശയം പറയാം. ലോകകപ്പിന്റെ തുടക്കത്തിൽ താളം കണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. എന്റെ അഭിപ്രായത്തിൽ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയ്ക്ക് ലോകകപ്പിൽ കനത്ത വെല്ലുവിളി ഉയർത്തുക. ന്യൂസിലൻഡായിരിക്കും കറുത്ത കുതിരകൾ. ന്യൂസിലൻഡ് ഈ പരമ്പരയിൽ ബുദ്ധിമുട്ടിയെന്നത്‌ ശരിതന്നെ, പക്ഷേ മികച്ച ടീമാണ് അവരുടേത്. സച്ചിൻ പറഞ്ഞുനിർത്തി.

ഡേവിഡ് വാർണറും, സ്റ്റീവ് സ്മിത്തും മടങ്ങിയെത്തുന്നതോടെ ഓസ്ട്രേലിയയും മികച്ച ടീമാകുമെന്നും, മികച്ച ബോളർമാരടങ്ങിയ ഓസ്ട്രേലിയ ലോകകപ്പിലെ മികച്ച ടീമുകളിലൊന്നായിരിക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു‌.