SHARE

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ തീരുമാനങ്ങളിലൊന്നായിരുന്നു 2005 ൽ പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത് വെച്ചു നടന്ന മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയെ മൂന്നാമത് ബാറ്റിംഗിനിറക്കിയത്. അന്ന് ഇന്ത്യയുടെ നായകനായിരുന്ന സൗരവ് ഗാംഗുലി മൂന്നാം സ്ഥാനത്തേക്ക് ബാറ്റിംഗ് പ്രൊമോഷ‌ൻ നൽകിയ ധോണി 123 പ‌ന്തിൽ 148 റൺസെടുത്ത് കിട്ടിയ അവസരം ശരിക്കും മുതലാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും വിശ്വസ്ത ബാറ്റ്സ്മാനായി ധോണി വളർന്നത് തുടങ്ങിയത് ഈ മത്സരം മുതലായിരുന്നു.

ഇപ്പോളിതാ വിശാഖപട്ടണം ഏകദിനത്തിൽ ധോണിയെ മൂന്നാമത് ബാറ്റിംഗിന് ഇറക്കിയതിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി. കൂടുതൽ പന്തുകൾ കളിക്കാൻ അവസരം ലഭിച്ചപ്പോളൊക്കെ ധോണി വലിയ സ്കോറുകൾ നേടിയിട്ടുണ്ടെന്നും, ചലഞ്ചർ ട്രോഫിയിൽ തന്റെ ടീമിന് വേണ്ടി അദ്ദേഹം സെഞ്ചുറി നേടിയിട്ടുള്ളതിനാൽ അക്കാര്യം തനിക്ക് അറിയാമായിരുന്നുവെന്നും പറയുന്ന ഗാംഗുലി, ഇത് കൊണ്ടാണ് മൂന്നാം നമ്പരിലേക്ക് ധോണിയെ പ്രൊമോട്ട് ചെയ്തതെന്ന് ചൂണ്ടിക്കാട്ടുന്നു. സച്ചിൻ ടെണ്ടുൽക്കറെ സ്ഥിരമായി ആറാം സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യിപ്പിച്ചിരുന്നുവെങ്കിൽ അദ്ദേഹം സച്ചിൻ ടെണ്ടുൽക്കർ ആകില്ലായിരുന്നുവെന്നുംഇതിനൊപ്പം ഗാംഗുലി കൂട്ടിച്ചേർത്തു.

മുൻ നിരയിൽ സ്ഥാനം നൽകുമ്പോളാണ് ഒരു കളികാരൻ സൃഷ്ടിക്കപ്പെടുന്നതെന്നും, മറിച്ച് ബാറ്റിംഗ് ഓർഡറിൽ താഴെത്തട്ടിൽ അവസരം നൽകിയാൽ പുതിയൊരു താരത്തെ സൃഷ്ടിക്കാൻ കഴിയില്ലെന്നും ഗാംഗുലി പറയുന്നു. “ഡ്രെസ്സിംഗ് റൂമിന് അകത്തിരുന്ന് നിങ്ങൾക്കൊരു വലിയ ക്രിക്കറ്റ് താരമാകാനാവില്ല. ധോണിക്കുണ്ടായിരുന്ന‌ സിക്സടി മികവ് വളരെ അപൂർവ്വമായിരുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ അതിൽ അദ്ദേഹം ചില മാറ്റങ്ങൾ വരുത്തി. എന്നാൽ കളിക്കളത്തിലേക്ക് എത്തിയ സമയത്ത് അദ്ദേഹത്തെ സ്വതന്ത്ര്യനാക്കേണ്ടത് വളരെ പ്രധാനമായിരുന്നു.”സ്പോർട്സ് തക്കിനോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു നിർത്തി.