SHARE

ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ലണ്ടനിൽ വ്യാഴാഴ്ച്ച നടന്ന ഐസിസി യോഗത്തിലാണ് സച്ചിൻ ഉൾപ്പെടെ മൂന്ന് താരങ്ങളെ ഐസിസി, ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്‌. മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ അലൻ ഡൊണാൾഡ്, ഓസ്ട്രേലിയയുടെ കത്രീൻ ഫിറ്റ്സ്പാട്രിക്ക് എന്നിവരാണ് ഇപ്പോൾ സച്ചിനൊപ്പം ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിരിക്കുന്നത്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി ആദരിക്കുന്ന രീതി ഐസിസിക്കുണ്ട്. വിരമിച്ച് 5 വർഷത്തിന് ശേഷം മാത്രമേ താരങ്ങൾ ഈ പട്ടികയിൽ ഇടം പിടിക്കാൻ യോഗ്യരാകൂ. അത് കൊണ്ടാണ് കളി മതിയാക്കി ഇത്ര നാളായിട്ടും സച്ചിൻ ഇത് വരെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടാതിരുന്നത്. 2013 നവംബറിലായിരുന്നു സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

അതേ സമയം ഐസിസി, ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ താരമല്ല സച്ചി‌ൻ. സച്ചിന് മുൻപ് അഞ്ച് ഇന്ത്യൻ താരങ്ങളെ ഐസിസി ഹാൾ ഓഫ് ഫെയിം നൽകി ആദരിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡ് (2018), അനിൽ കുംബ്ലെ (2015), സുനിൽ ഗവാസ്കർ, കപിൽ ദേവ്, ബിഷൻ സിംഗ് ബേദി (മൂന്ന് പേരും 2009) എന്നിവരാണ് ഇതിന് മുൻപ് ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇടം പിടിച്ച ഇന്ത്യൻതാരങ്ങൾ.