SHARE

ഐപിഎല്‍ ഈ സീസണിലെ ആദ്യജയത്തിലെ സന്തോഷത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്ത. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍റേറ്റിന് വിരാടിനെതിരേ പിഴശിക്ഷ ചുമത്തി. 12 ലക്ഷം രൂപയാണ് കോഹ്ലിക്ക് പിഴയായി അടയ്‌ക്കേണ്ടി വരിക. കിംഗ്‌സ് ഇലവനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് വിനയായത്.

ഈ സീസണില്‍ കുറഞ്ഞ ഓവര്‍നിരക്കിന് നടപടി നേരിടുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ് വിരാട്. നിശ്ചയിച്ചതിലും വളരെ വൈകിയാണ് ബാംഗ്ലൂര്‍ ബൗളിംഗ് പൂര്‍ത്തിയാക്കിയത്. ഇതാണ് പണികിട്ടാന്‍ കാരണം. തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്ക് ശേഷം ജയത്തിലെത്താന്‍ എന്തായാലും ബാംഗ്ലൂരിനായി. ജയിച്ചെങ്കിലും പ്ലേഓഫിലെത്താന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കേണ്ടിയിരിക്കുന്നു.

എതിരാളികളുടെ തട്ടകത്തില്‍ പോയി കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 8 വിക്കറ്റിനാണ് വിരാട് കോഹ്‌ലിയും സംഘവും കീഴടക്കിയത്. 53 പന്തില്‍ 67 റണ്‍സെടുത്ത വിരാടിന്റെയും എ.ബി. ഡിവില്യേഴ്‌സിന്റെയും (59) പ്രകടനമാണ് ബാംഗ്ലൂരിനെ ജയമില്ലായ്മയില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്തിയത്. സ്‌കോര്‍ പഞ്ചാബ് 173-4, ബാംഗ്ലൂര്‍ 174-8

വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ 9 പന്തില്‍ 19 റണ്‍സെടുത്ത പാര്‍ഥീവ് പട്ടേലിനെ നഷ്ടപ്പെട്ടെങ്കിലും വിരാടും എബിഡിയും ചേര്‍ന്ന് ബാംഗ്ലൂരെന്ന കപ്പലിനെ മുങ്ങാതെ കാക്കുകയായിരുന്നു. തുടക്കത്തിലെ തന്നെ മികച്ച ഫോമിലായിരുന്ന വിരാട് സ്‌കോര്‍ബോര്‍ഡില്‍ 128 റണ്‍സുള്ളപ്പോഴാണ് മടങ്ങുന്നത്. പിന്നാലെയെത്തിയ മാര്‍ക്കസ് സ്റ്റോയിനെസ് (28) ഡിവില്യേഴ്‌സിന് ഉജ്വല പിന്തുണ നല്കി.