SHARE

ഇല്ലായ്മയില്‍ നിന്നും വളര്‍ന്നുവന്നവര്‍ക്ക് ഭൂതകാലം മറക്കാനാവില്ല. ആ കാലങ്ങളിലെ ജീവിതാനുഭവങ്ങള്‍ അത്രത്തോളം കഠിനമായിരിക്കും എന്നാല്‍ ആര്‍ഭാട ജീവിതത്തിനു വഴി തെളിയുമ്പോള്‍ വന്ന വഴി മറക്കുന്നവരും ഉണ്ട്. ലിവര്‍പ്പൂളിന്റെ സൂപ്പര്‍ താരം സാദിയോ മാനെ എന്നാല്‍ അങ്ങനെയല്ല. ഫുട്‌ബോളിലൂടെ നേടുന്ന വലിയ തുകകള്‍ സ്വന്തം ആര്‍ഭാടത്തിനല്ല മറ്റുള്ളവര്‍ക്കു വേണ്ടിയാണ് മാനെ ചെലവഴിക്കുന്നത്.

താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെറാറി കാറുകളുടേയും ഡയമണ്ട് വാച്ചുകളുടേയും എണ്ണമല്ല തനിക്ക് സന്തോഷം ന്ല്‍കുന്നതെന്നും പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതാണ് തന്റെ ഏറ്റവും വലിയ ആനന്ദമെന്നും മാനെ പറഞ്ഞു. തന്റെ ഇല്ലായ്മകളുടെ ഭൂതകാലവും അദ്ദേഹം ഓര്‍മ്മിച്ചെടുത്തു.

താന്‍ പട്ടിണി കിടന്നിട്ടുണ്ട്, ബൂട്ടില്ലാതെ ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോള്‍ തനിക്ക് എല്ലാം നല്‍കി . ഈ പൈസ കൊണ്ട് താന്‍ നാട്ടില്‍ ആശുപത്രികളും സ്റ്റേഡിയവും പണിതെന്നും പാവപ്പെട്ടവര്‍ക്കു വസ്ത്രവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെയാണ് തന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.