SHARE

സെപ്തംബറില്‍ ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) കപ്പ് ഗ്രൂപ്പുകള്‍ തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നു. ഇന്ത്യന്‍ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയ്‌ക്കൊപ്പം മാലിദ്വീപും ശ്രീലങ്കയുമാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകളാണ് കളിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് പിന്നീട് നീട്ടിവെക്കുകയായിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ തന്നെയാണ് സാഫ് കപ്പില്‍ കളിക്കുന്ന കരുത്തുറ്റ ടീം. ഫിഫ റാങ്കിംഗില്‍ 97ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. എന്നാല്‍ 2015ല്‍ നടന്ന കഴിഞ്ഞ സാഫ് കപ്പിലെ റണ്ണേഴ്‌സ് അപ്പും അതിനു മുമ്പത്തെ കിരീടജേതാക്കളുമായ അഫ്ഗാനിസ്ഥാന്‍ ഇത്തവണ സാഫ് കപ്പ് കളിക്കുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ സാഫ് കപ്പില്‍ അഫ്ഗാനിസ്ഥാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

ഇത്തവണ കളിക്കുന്നവരില്‍ ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയവര്‍ ഓരോ തവണ വീതം സാഫ് കിരീടം ചൂടിയിട്ടുണ്ട്. ബംഗ്ലാദേശ് 2003ലും മാലിദ്വീപ് 2005ലും ശ്രീലങ്ക 1995ലുമാണ് ദക്ഷിണേഷ്യന്‍ ഫുട്ബോള്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കിയത്. ഏഴു കിരീടവുമായി ഇക്കാര്യത്തില്‍ ഇന്ത്യ ബഹുദൂരം മുന്നിലാണ്.