SHARE

അഫ്ഗാനിസ്ഥാനെതിരെ അടുത്ത മാസം 14ന് നടക്കുന്ന ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി വൃദ്ധിമാന്‍ സാഹയുടെ പരുക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നു. നേരത്തെ പരുക്കേറ്റ് ഐ പി എൽ മത്സരങ്ങള്‍ നഷ്ടമായ സാഹ പിന്നീട് പ്ലേ ഓഫിൽ സണ്‍റൈസേഴ്‌സ് നിരയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ താരത്തിന് വീണ്ടും പരുക്കേറ്റു. ചെന്നൈയ്‌ക്കെതിരെ ഫൈനലില്‍ കളിക്കാനിറങ്ങിയതുമില്ല.

സാഹയുടെ പരുക്ക് പരിശോധിച്ച് വരികയാണെന്ന് ബി സി സി ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ‘ പരുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌പെഷലിസ്റ്റിനെ കണ്ട് പരിശോധിക്കും, ബി സി സി ഐ മെഡിക്കല്‍ ടീം ഇക്കാര്യം മോണിറ്റര്‍ ചെയ്യും’ – ബി സി സി ഐ വ്യക്തമാക്കി. സാഹ പരുക്കേറ്റ് പുറത്താവുകയാണെങ്കില്‍ പാര്‍ത്ഥിവ് പട്ടേലിനോ ദിനേഷ് കാര്‍ത്തിക്കിനോ അവസരം ലഭിച്ചേക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐ സി സി ടെസ്റ്റ് പദവി നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ തങ്ങളുടെ ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലാണ്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്.