SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനൊന്നാം എഡിഷൻ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കിരീടം നേടണമെന്ന ഉറച്ച മനസോടെയാണ് എട്ട് ടീമുകളും ഐപിഎല്ലിനെത്തുന്നത്. ഇതിന്റെ ഭാഗമായി പല ടീമുകളും തങ്ങളുടെ ടീമിനെ അഴിച്ച് പണിതിരിക്കുന്നു. പല പ്രമുഖ താരങ്ങൾക്കും തങ്ങളുടെ പഴയ ടീമിനെ വിട്ട് പുതിയ ടീമുകളിലേക്ക് ഈ സീസണിൽ ചേക്കേറേണ്ടി വന്നു. ഇത്തരത്തിൽ ടീം മാറിയ പ്രധാന താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ. കഴിഞ്ഞ നാല് സീസണുകളിലും കിംഗ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്ന സാഹ ഈ വർഷം സൺ റൈസേഴ്സ് ഹൈദരാബാദിനൊപ്പമാണ്.

നിലവിൽ ഐപിഎല്ലിന്‌ മുന്നോടിയായി പരിശീലനം നടത്തുന്ന സാഹ തന്റെ പുതിയ ടീമിനെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് മനസ് തുറന്നു. ഹൈദരാബാദ് ടീമിൽ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യാനും താൻ തയ്യാറാണെന്നാണ് സാഹയുടെ പക്ഷം. ബാറ്റിംഗിൽ മുൻ നിരയിൽ കളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും എന്നാൽ ലോവർ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യുന്നതിലും സന്തോഷമേ ഉള്ളെന്നും സാഹ കൂട്ടിച്ചേർത്തു. ശിഖാർ ധവാനെയും, ഡേവിഡ് വാർണറെയും പോലുള്ള ലോകോത്തര ഓപ്പണർമാരാണ് സൺ റൈസേഴ്സിൽ ഉള്ളത്, മുൻ നിരയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അവർ ധാരാളം. ടീമിന്റെ വിജയത്തിനാണ് താൻ പ്രാമുഖ്യം നൽകുന്നത്, അതിന് വേണ്ടി ബാറ്റിംഗ് പൊസിഷൻ റൊട്ടേറ്റ് ചെയ്യാൻ താൻ തയ്യാറാണ് സാഹ പറഞ്ഞു നിർത്തി‌.

കിംഗ്സ് ഇലവനിൽ നിന്ന് സൺ റൈസേഴ്സ് ഹൈദരാബാദിലെത്തുമ്പോൾ, പുതിയ ടീമുമായി പൊരുത്തപ്പെടുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അവിടുത്തെ പിച്ചുമായി പരിചയത്തിലാവാനാണ് കുറച്ച് സമയം ആവശ്യമായി വരുകയെന്നും സാഹ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾ മൊഹാലിയിൽ കളിച്ചത് കൊണ്ട് തനിക്ക് ഏറെ പരിചിതമായിരുന്നു അവിടുത്തെ പിച്ച്. എന്നാൽ മൊഹാലിയിൽ നിന്നും ഹൈദരാബാദിലേക്കെത്തുമ്പോൾ പിച്ചിലും മാറ്റമുണ്ട്. എന്നാൽ ഈ മാറ്റത്തിനോട് പൊരുത്തപ്പെടാൻ പെട്ടെന്ന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സാഹ പറഞ്ഞു. ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന പതിനൊന്നാം എഡിഷൻ ഐപിഎല്ലിൽ സൺ റൈസേഴ്സിന്റെ ആദ്യ മത്സരം ഒൻപതാം തീയതി രാജസ്ഥാൻ റോയൽസിനെതിരെയാണ്.