SHARE

ഡ്യൂറാൻഡ് കപ്പിൽ ഇന്ത്യന് നേവിയെ ആദ്യ മത്സരത്തിൽ വീഴ്ത്തിയ കേരളാ ബ്ലാസ്റ്റേഴ്സ് നാളെ നിർണായക മത്സരത്തിന് ഇറങ്ങുകയാണ്. ബെം​ഗളുരു എഫ്സിയാണ് നാളെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കാനായാൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാം.

നേവിക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ മലയാളി താരം അബ്ദുൾ ഹക്കുവിന് നാളത്തെ മത്സരത്തിൽ കളിക്കാനാകില്ല. മാത്രവുമല്ല ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളും ഹക്കുവിന് നഷ്ടമാകാനാണ് സാധ്യതയെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഹക്കുവിന് പുറമെ മറ്റൊരു മലയാളി താരം സഹൽ അബ്ദുൾ സമദും നാളെ കളിച്ചേക്കില്ലന്നാണ് ഇവാൻ നൽകുന്ന സൂചന.

നേപ്പാളിനെതിരെ സൗഹൃദമത്സരം കളിച്ച ഇന്ത്യൻ ടീമിൽ സഹലുണ്ടായിരുന്നു. എന്നാൽ അപ്പോൾ താരത്തിന് പരുക്കേറ്റിരുന്നു. ഇതോടെ ഡ്യൂറാൻഡ് കപ്പിന് ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം ചേർന്നെങ്കിലും സഹൽ ആദ്യ മത്സരം കളിച്ചിരുന്നില്ല. ഇപ്പോൾ ഇവാൻ പറയുന്നത് പ്രകാരം ഇന്നലെ മുതൽ സഹൽ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. എന്നാൽ നാളത്തെ മത്സരത്തിൽ സഹലിന് കളിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ഇവാൻ വ്യക്തമാക്കി.