SHARE

കഴിഞ്ഞ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച മലയാളി സൂപ്പർ താരം സഹൽ അബ്ദുൾസമദുമായി മൂന്ന് വർഷത്തേക്ക് കരാർ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ്. 2017 ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഈ ഇരുപത്തിരണ്ടുകാരൻ, പോയ സീസൺ ഐ എസ് എല്ലിലെ മികച്ച എമർജിംഗ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സ് നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച സീസണിലും തകർപ്പൻ പ്രകടനം കാഴ്ച വെച്ച സഹൽ ഈ വർഷം ഇന്ത്യൻ അണ്ടർ 23 ടീമിലും അരങ്ങേറ്റം കുറിച്ചു.

ഗ്രൗണ്ടിലെ കളിയഴകും, അതിശയകരമായ ടെക്നിക്കുകളും ഇന്ത്യൻ ഓസിൽ എന്ന വിളിപ്പേരും പോയ സീസണിൽ സഹലിന് നൽകി. അറ്റാക്കിംഗ് മിഡ്ഫീൽഡറായ സഹൽ, ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട മത്സരങ്ങളിൽപ്പോലും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച് എതിർ ടീം പരിശീലകരുടെ പോലും കൈയ്യടികൾ നേടിയിരുന്നു‌. സഹലുമായി പുതിയ കരാറിൽബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത് അത് കൊണ്ടു തന്നെ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. പുതിയ കരാർ പ്രകാരം 2022 വരെ സഹൽ ബ്ലാസ്റ്റേഴ്സിലുണ്ടാകും.