SHARE

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ടുകളായ സഹല്‍ അബ്ദുള്‍ സമദിനും ഗോള്‍കീപ്പര്‍ ധീരജ് സിംഗിനും ഐഎസ്എല്ലിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നഷ്ടമായേക്കും. എഎഫ്‌സി അണ്ടര്‍ 23 ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതറൗണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സാധ്യത ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22 മുതല്‍ 26 വരെ ഉസ്‌ബെക്കിസ്ഥാനില്‍ വച്ചാണ് ഇന്ത്യ ഉള്‍പപെടുന്ന ഗ്രൂപ്പ് എഫ് മത്സരങ്ങള്‍ നടക്കുന്നത്.

ഈ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് ഈ മാസം അവസാനത്തോടെ നടക്കുന്ന പരിശീലന ക്യാംപിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ക്യാംപിന്റെ കൃത്യമായ തിയതി അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത വാരത്തോടെ ക്യാംപ് ആരംഭിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന രണ്ടു മത്സരങ്ങള്‍ ഇരുവര്‍ക്കും നഷ്ടമായേക്കും.

ഗോവയ്‌ക്കെതിരേ ഈ മാസം പതിനെട്ടിനും നോര്‍ത്ത് ഈസ്റ്റിനെതിരേ മാര്‍ച്ച് ഒന്നിനുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന രണ്ടു മത്സരങ്ങള്‍. പരിശീലന ക്യാംപിനുശേഷം ഇന്ത്യ ചില രാജ്യങ്ങള്‍ക്കെതിരേ സന്നാഹ മത്സരങ്ങള്‍ കളിക്കാനും പദ്ധതിയിടുന്നുണ്ട്. പൂനെ സിറ്റി താരം ആഷിഖ് കുരുണിയന്‍, ഇന്ത്യന്‍ ആരോസിന്റെ കെ.പി. രാഹുല്‍ എന്നിവരും സാധ്യത ടീമിലുണ്ട്. പ്ലേഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പുറത്തായതിനാല്‍ ഇരുവരുടെയും അഭാവം ടീമിനെ വലുതായി ബാധിക്കില്ല.