SHARE

ജോർദാനെതിരായ ഇന്ത്യയുടെ സൗഹൃദപ്പോരാട്ടത്തിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധ്യത. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇന്ത്യൻ സമയം ഇന്ന് രാത്രി ഒമ്പതരയ്ക്ക് ഖത്തറിലെ ദോഹയിലാണ് മത്സരം.

നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിലെ പല താരങ്ങളും പരുക്കിന്റെ പിടിയിലാണ്. ബ്രണ്ടൻ ഫെർണാണ്ടസ്, മുഹമ്മദ് യാസിർ, ഉദാന്ത സിങ് തുടങ്ങിയവർ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് സഹലിന് സ്റ്റാർട്ടിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത തെളിയുന്നത്. ഒക്ടോബറിൽ നടന്ന സാഫ് കപ്പ് ഫൈനലിലാണ് സഹൽ ഒടുവിൽ ഇന്ത്യക്കായി കളിച്ചത്. അന്ന് പകരക്കാരനായി ഇറങ്ങിയ സഹൽ ഒരു ​ഗോളും നേടിയിരുന്നു.

ഏഷ്യാ കപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾ മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹമത്സരമാണ് ജോർദാനുമായുള്ളത്. തുടർന്ന് കൊൽക്കത്തയിൽ ടീം തിരിച്ചെത്തും. ജൂൺ എട്ട് മുതൽ കൊൽക്കത്തയിൽ തന്നെയാണ് ഇന്ത്യയുടെ യോ​ഗ്യതാ മത്സരങ്ങൾ.