SHARE

കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ തകര്‍ത്തു കളിച്ച സഹല്‍ അബ്ദുല്‍ സമദിന് വലിയ ഓഫറുമായി ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ക്ലബുകള്‍. എന്നാല്‍ ബ്ലാസ്റ്റേഴ്‌സില്‍ തന്നെ നില്ക്കാനാണ് താല്പര്യമെന്ന് അറിയിച്ച സഹല്‍ ക്ലബുമായി പുതിയ കരാറിലും ഒപ്പിട്ടു. മൂന്നുവര്‍ഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിട്ടത്. ഇന്ത്യന്‍ ഓസിലെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഈ കണ്ണൂരുകാരന്‍ കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനമാണ് നടത്തിയത്.

സഹലിനെ വിട്ടുകളയാതിരിക്കാന്‍ ശ്രദ്ധിച്ച മാനേജ്‌മെന്റ് കരാര്‍ത്തുകയിലും വലിയ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഇന്ത്യയിലെ മറ്റു താരങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ അത്രതന്നെ താരത്തിനും ലഭിക്കും. അതേസമയം മറ്റൊരു മലയാളി താരം അനസ് എടത്തൊടിക ഇത്തവണ ടീമിനൊപ്പം ഉണ്ടാകുമോയെന്ന കാര്യം സംശയമാണ്. ഇക്കാര്യത്തില്‍ മനസുതുറന്നിട്ടില്ലെങ്കിലും പുതിയ താവളത്തിലേക്ക് അനസ് മാറിയേക്കുമെന്ന സൂചനകള്‍ സജീവമാണ്.

അടുത്ത സീസണില്‍ കൂടുതല്‍ ശക്തമായ ടീമിനെ ഇറക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി അണ്ടര്‍ 17 ലോകകപ്പ് കളിച്ച കെ.പി. രാഹുല്‍ അടക്കമുള്ള യുവതാരങ്ങളെ ടീമിലെത്തിച്ചിരുന്നു. കഴിഞ്ഞ തവണ ടീമിലുണ്ടായിരുന്ന വിദേശതാരങ്ങളെയെല്ലാം ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.