SHARE

കഴിഞ്ഞ വർഷമായിരുന്നു ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സിന്റെ ഉടമസ്ഥരായ കെ പി എച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കൺസോർഷ്യം കരീബിയ‌ൻ പ്രീമിയർ ലീഗ് ടീമായ സെന്റ് ലൂസിയ സൂക്സിനെ വാങ്ങിയത്. ഇപ്പോളിതാ കരീബിയൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ഫ്രാഞ്ചൈസിയുടെ പേര് സെന്റ് ലൂസിയ കിംഗ്സ് എന്നാക്കി മാറ്റിയിരിക്കുകയാണ് അവർ‌. പേരു മാറ്റിയതിനൊപ്പം ലോഗോയിലും ഫ്രാഞ്ചൈസി മാറ്റം വരുത്തിയിട്ടുണ്ട്. പഞ്ചാബ് കിംഗ്സിന്റെ മാതൃകയിലുള്ള ലോഗോയിൽ കളർ കോമ്പിനേഷനിൽ മാത്രമാണ് വ്യത്യാസമുള്ളത്.

സിംബാബ്‌വെ ഇതിഹാസം ആൻഡി ഫ്ലവറാണ് സെന്റ് ലൂസിയ കിംഗ്സിന്റെ പരിശീലകൻ‌. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിൽ മാത്യു വേഡ്, കീമോ പോൾ, റഹീം കോൺവാൾ, വഹാബ് റിയാസ്, ആന്ദ്രെ ഫ്ലെച്ചർ, അൾസാരി ജോസഫ് എന്നീ സൂപ്പർ താരങ്ങളുമുണ്ട്. ഇതു വരെ കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത സെന്റ് ലൂസിയക്ക് ഇക്കുറി പേരു മാറ്റം ഭാഗ്യം കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഈ മാസം 26 മുതൽ സെപ്റ്റംബർ 15 വരെ നടക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ ഓഗസ്റ്റ് 27 നാണ് അവരുടെ ആദ്യ പോരാട്ടം.

അതേ സമയം ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഉടമസ്ഥാവകാശമുള്ള മൂന്നാമത്തെ കരീബിയ‌ൻ പ്രീമിയർ ലീഗ് ടീമാണ് സെന്റ് ലൂസിയ. നേരത്തെ 2015 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ട്രിൻബാബോ നൈറ്റ് റൈഡേഴ്സിനെ വാങ്ങിയപ്പോൾ, കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ റോയൽസ്, ബാർബഡോസ് ട്രിഡന്റ്സ് ടീമിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയത്. ഇതോടെ ബാർബഡോസ് റോയൽസ് എന്ന പേരിലേക്കും ബാർബഡോസ് ട്രിഡന്റ്സ് മാറിയിരുന്നു.