SHARE

ലിവർപൂളിനായി അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം ​ഗോൾ നേടിയതിന്റെ റിക്കാർഡ് സ്പാനിഷ് താരം ഫെർണാണ്ടോ ടോറസിന്റെ പേരിലായിരുന്നു, ഇന്നലെവരെ. 2007-08 സീസണിൽ ലിവർപൂളിനായി ടോറസ് 33 ​തവണയാണ് ​ഗോൾ നേടിയത്. ഇക്കുറി വാറ്റ്ഫോഡിനെതിരെ നാല് ​ഗോൾ നേടി ഈ റിക്കാർഡ് സാല സ്വന്തം പേരിലാക്കുമ്പോൾ സീസൺ അവസാനിച്ചിട്ടില്ല. ഇനിയും ബാക്കിയുണ്ട് ലീ​ഗിൽ തന്നെ ഏഴ് മത്സരങ്ങൾ.

ലൂയിസ് സുവാരസ്, ഫെർണാണ്ടോ ടോറസ്, റോബി കീൻ, മൈക്കിൾ ഓവൻ തുടങ്ങി ഒടുവിൽ റൊബർട്ട് ഫിർമിന്യോ വരെ എത്രയോ പേർ ലിവർപൂളിന്റെ മുൻനിരയിൽ പടനയിച്ചിട്ടിണ്ട്. എന്നാൽ ഒരു സെന്റർ ഫോർവേഡല്ലാത്ത സാല ഇത്രയും ​ഗോളടിച്ചുകൂട്ടമെന്ന് സീസൺ തുടക്കത്തിൽ ടീമിലെത്തിച്ച പരിശീലകൻ യു​ഗർൻ ക്ലോപ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പ്രതീക്ഷകൾ തെറ്റിച്ചാണ് ഇക്കുറി സാലയുടെ കുതിപ്പ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ, കടുത്ത പ്രതിരോധത്തിന് മുന്നിൽ ഒന്നും ചെയ്യാനാകാതെ നിന്ന് മാഞ്ചസ്റ്റർ ആരാധകരുടെ പരിഹാസമേറ്റുവാങ്ങിയതിന്റ ക്ഷീണം തീർക്കുന്ന തരത്തിലായിരുന്നു സാല വാറ്റ്ഫോർഡിനെ കീറിമുറിച്ചത്.

നാല് ​ഗോളുകൾ നേടിയ സാല ഒന്നിന് വഴിയൊരുക്കി. ചുരുക്കിപ്പറഞ്ഞൽ ലിവർപൂളിന്റെ അഞ്ച് ​ഗോളുകളിലും ഈ ഈജിപ്ത് താരത്തിന്റെ പങ്കുണ്ട്. സെന​ഗൽ താരം സാദിയോ മാനെയേയും ബ്രസീലുകാരൻ ഫിർമിന്യോയേയും കൂട്ടുപിടിച്ച് സാല നടത്തുന്ന കുതിപ്പിന് യൂറോപ്പിൽ സമാനതകളില്ല. നെയ്മറും മെസിയും സുവാരസും അണിനരന്ന എം.എസ്.എൻ ത്രയത്തിനോടാണ് ഇവരെ താരതമ്യം ചെയ്യുന്നത്.

സമീപകാലത്ത് ലിവർപൂൾ സൃഷ്ടിച്ച ഏറ്റവും മികച്ച മുന്നേറ്റതാരങ്ങളായ ലൂയിസ് സുവാരസിനേയും ഫെർണാണ്ടോ ടോറസിനേയും സാല മറികടന്നുകഴിഞ്ഞു. ഈ സീസണിൽ ഇതുവരെ സാലയുടെ പേരിൽ 36 ​ഗോളുകളായി. ഇനി പ്രീമിയർ ലീ​ഗിൽ ഏഴും, ചാമ്പ്യൻസ് ലീ​ഗിൽ രണ്ടും മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്( ഫൈനലിലെത്തിയാൽ അഞ്ച്). ഇനി അറിയാനുള്ളത് ലിവർപൂളിനായി ഒരു സീസണൻിൽ 47 ​ഗോൾ നേടിയ റഷിന്റെ റിക്കാർഡ് സാല മറികടക്കുമോയെന്നതാണ്.