SHARE

റയൽമാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ ലിവർപൂൾ താരം മൊഹമ്മദ് സാലയ്ക്കേറ്റ പരിക്ക് അല്പം ഗുരുതരമാണെന്ന് പരിശീലകൻ യുർഗൻ ക്ലോപ്പ്. പരിക്കിന്റെ പരിശോധനാഫലങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും നിലവിലെ സ്ഥിതിഗതികൾ വെച്ച് ഈജിപ്റ്റ്യൻ താരത്തിനേറ്റിരിക്കുന്ന പരിക്ക് അല്പം ആശങ്ക സമ്മാനിക്കുന്നതാണെന്നും, താരത്തിന്റെ ലോകകപ്പ് പ്രതീക്ഷകളെ തന്നെ തകിടം മറിക്കാൻ പോന്നതാണോ അതെന്ന് അധികം വൈകാതെ അറിയാൻ പറ്റുമെന്നും ക്ലോപ്പ് പറഞ്ഞു.

റയൽമാഡ്രിഡ് താരം സെർജിയോ റാമോസിന്റെ ഫൗളിലായിരുന്നു ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിനിടെ സാലയ്ക്ക് പരിക്ക് പറ്റിയത്. സാലയെ തടയാനുള്ള റാമോസിന്റെ ശ്രമത്തിനിടെ താരം തോളടിച്ച് നിലത്ത് വീഴുകയായിരുന്നു. മത്സരം മുപ്പത് മിനുറ്റിലേക്കെത്തുമ്പോളായിരുന്നു സംഭവം. പരിക്കിനെത്തുടർന്ന് വേദനകടിച്ചമർത്തി കരഞ്ഞുകൊണ്ട് സാല ഉടൻ തന്നെ കളിക്കളം വിട്ടിരുന്നു.

അതേ സമയം റഷ്യൻ ലോകകപ്പ് അടുത്തെത്തി നിൽക്കുമ്പോൾ ഈജിപ്റ്റ്യൻ ടീമിനാണ് സാലയുടെ പരിക്ക് വലിയ തലവേദന സമ്മാനിക്കുന്നത്. പരിക്കിനെത്തുടർന്ന് സാലയ്ക്ക് ലോകകപ്പ് കളിക്കാനാവാതെ വന്നാൽ ഈജിപ്റ്റിന്റെ ലോകകപ്പ് പ്രതീക്ഷകളെ മുഴുവൻ അത് പിന്നോട്ട് വലിക്കും. 1990 ന് ശേഷം ഇതാദ്യമായി ലോകകപ്പിനെത്തുന്ന ഈജിപ്റ്റ് നിരയുടെ ക്യാപ്റ്റനാകേണ്ട താരമാണ് സാല. ജൂൺ 15 ന് ഉറുഗ്വെയ്ക്കെതിരെ കളിച്ച് കൊണ്ടാണ് അവർ റഷ്യൻ ലോകകപ്പിന് തുടക്കം കുറിക്കുക.