SHARE
I

കഴിഞ്ഞ ദിവസം നൈജറിനെതിരെ നടന്ന ഈജിപ്തിന്റെ ആഫ്രിക്കൻ നേഷൻസ് കപ്പ് യോ​ഗ്യതാ മത്സരം ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ചു. മത്സരം ഈജിപ്ത് എതിരില്ലാത്ത ആറ് ​ഗോളിന് ജയിച്ചത് മാത്രമല്ല, മത്സരത്തിലെ സൂപ്പർ താരം മുഹമ്മദ് സാലയുടെ പ്രകടനം കൂടിയാണ് അവരെ ആവേശഭരിതരാക്കിയത്.

മത്സരത്തിൽ രണ്ട് ​ഗോളുകളാണ് സാല നേടിയത്. രണ്ട് ​ഗോളിന് സാല തന്നെ വഴിയുമൊരുക്കി. ഓരു മത്സരത്തിനിടെ ഏതെങ്കിലുമൊരുതാരം രണ്ട് ​ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കുക എന്നത് അപൂർവതയാണ്. ഈ നേട്ടം സാല കൈവരിച്ചു. അതിനൊപ്പം തന്നെ രണ്ട് പെനാൽറ്റിയും സാല പാഴാക്കി. മിന്നുന്ന പ്രകടനത്തിനപ്പം ഈയൊരു ചീത്തപ്പേരും സാലയ്ക്ക് നൈജറിനെതിരായ മത്സരത്തിൽ വന്നുചേർന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സാലയ്ക്ക് പെനാൽറ്റി ലഭിച്ചു. എന്നാലിത് ​ഗോളി തടുത്തിട്ടു. ഉടൻ തന്നെ പന്ത് പിടിച്ചെടുത്ത സാല മർവാൻ മോഷന് ആദ്യ ​ഗോൾ നേടാൻ വഴിയൊരുക്കി. തുടർന്ന് അയ്മൻ അഷ്റഫിലൂടെ ഈജിപ്ത് ലീഡ് നേടി. പിന്നാലെ സാലയ്ക്ക് വീണ്ടും പെനാൽറ്റി ലഭിച്ചു. എന്നാൽ അതും ​ഗോളി തടുത്തിട്ടു. ഉടൻ തന്നെ റീബൗണ്ടിലൂടെ സാല തന്നെ ​ഗോൾ നേടി. പിന്നാലെ മോഷന്റെ രണ്ടാം ​ഗോളിനും സാല തന്നെ വഴിയൊരുക്കി.

തുടർന്ന് ഹെഡറിലൂടെ സാല തന്നെ ഈജിപ്തിന്റെ അഞ്ചാം ​ഗോൾ നേടി. അവസാനം ആഴ്സനൽ താരം മുഹമ്മദ് എൽ നെനി ഈജിപിന്റെ ആറാം ​ഗോളും നേടി. ഈജിപ്ത് പരിശീലകനായി ഹെവിയർ ആ​ഗ്വിർ ചുമതലയേറ്റശേഷം നടന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്.