SHARE

ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിനായി ​ഗോളടിയിൽ സെഞ്ച്വറി തികച്ച് സൂപ്പർതാരം മുഹമ്മദ് സാല. ഇന്ന് എവർട്ടനെതിരെ നടന്ന മെഴ്സിസൈഡ് ഡെർബിയിലെ ​ഗോളോടെയാണ് ഈജിപ്ഷ്യൻ താരമായ സാല ഈ നേട്ടം കൈവരിച്ചത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി സമനില പാലിച്ചു.

2017-ലാണ് ഇറ്റാലിയൻ ക്ലബ് റോമയിൽ നിന്ന് സാല ലിവർപൂളിലെത്തുന്നത്. തുടർന്നിതുവരെ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 159 മത്സരങ്ങളിൽ നിന്നാണ് താരം 100 ​ഗോൾ എന്ന നാഴ്കക്കല്ല് പിന്നിട്ടത്. ഇതിൽ പ്രീമിയർ ലീ​ഗിൽ മാത്രം 113 മത്സരങ്ങളിൽ നിന്ന് 79 ​ഗോളുകളാണ് സാല നേടിയത്. 2017-18,18-19 സീസണുകളിൽ പ്രീമിയർ ലീ​ഗിലെ ​ഗോൾഡൻ ബൂട്ട് ജേതാവുമായിരുന്നു സാല

ഈ പ്രീമിയർ ലീ​ഗ് സീസണിലെ അഞ്ചാം മത്സരത്തിൽ നിന്ന് സാലയുടെ ആറാം ​ഗോളാണിത്. ലിവർപൂളിനെ പ്രീമിയർ ലീ​ഗ്, ചാമ്പ്യൻസ് ലീ​ഗ് കിരീടനേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് 28-കാരനായ സാല.