ലോകത്തെ മുഴുവൻ അമ്പരിപ്പിച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണിൽ ലിവർപൂളിനായി മുഹമ്മദ് സാല നടത്തിയത്. പ്രീമിയർ ലീഗിൽ ഗോൾവേട്ട നടത്തി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ സാലയുട ചിറകിലേറിയായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള ചെമ്പടയുടെ കുതിപ്പ്. ബാലൺ ദി ഓറിന്റേയും ഫിഫ മികച്ച താരത്തിന്റേയും യുവേഫ മികച്ച താരത്തിന്റേയും സാധ്യതാ പട്ടികയിൽ സാലയെത്തി.
ഈ സീസൺ തുടക്കത്തിൽ മുൻ സീസണിലെ പ്രകടനം ആവർത്തിക്കാൻ സാലയ്ക്ക് സാധിച്ചില്ല. ഇതോടെ വിമർശനങ്ങൾ പ്രവഹിച്ചു. സാല വൺ സീസൺ വണ്ടർ ആണെന്നായിരുന്നു പ്രധാന പരിഹാസം. എന്നാൽ പ്രീമിയർ ലീഗ് സീസൺ ക്രിസ്മസിന് പിരിയുമ്പോൾ വിമർശകരുടെ വായടപ്പിക്കുകയാണ് സാല. ഇതുവരെ പതിനൊന്ന് ഗോളുകളുമായി പ്രീമിയർ ലീഗിലെ ടോപ്സ്കോററാണ് ഈ ഈജിപ്ത് താരം
സീസൺ തുടക്കത്തിൽ കഷ്ടപ്പെട്ട സാല പതിയെപ്പതിയെ താളം കണ്ടെത്തി. ബേൺമത്തിനെതിരായ മത്സരത്തിൽ ഹാട്രിക്കും നേടി. ഗോൾ നേടുന്നതിനൊപ്പം ഗോളിന് വഴിയൊരുക്കുന്നിലും സാല മികവ് പുലർത്തി. ഇതുവരെ അഞ്ച് ഗോളുകൾക്ക് സാല വഴിയൊരുക്കുയും ചെയ്തു