SHARE

2010 ലെ ഒത്തുകളി വിവാദത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെത്തുടർന്ന് അഞ്ച് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ടിരുന്ന മുൻ പാക് നായകൻ സൽമാൻ ബട്ട്, വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക് ടീമിലേക്ക് ബട്ടിനെ പരിഗണിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. അടുത്തയാഴ്ച കൂടുന്ന സെലക്ഷൻ കമ്മറ്റി മീറ്റിംഗിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2010 ലെ മാച്ച് ഫിക്സിംഗ് വിവാദത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ബട്ടിനെ പിന്നാലെ ക്രിക്കറ്റിൽ നിന്ന് വിലക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. എന്നാൽ 2015 ൽ ഈ വിലക്ക് എടുത്ത് മാറ്റി. തുടർന്ന് അഭ്യന്തര മത്സരങ്ങളിലേക്ക് ബട്ട് തിരിച്ചെത്തിയെങ്കിലും ദേശീയ ടീമിലേക്ക് ഒരു തവണ പോലും പരിഗണിക്കപ്പെട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 2010 ൽ വിലക്ക് ലഭിക്കുമ്പോൾ വെറും 26 വയസ് മാത്രമായിരുന്നു ബട്ടിന്റെ പ്രായം. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള ഈ ഇടം കൈയ്യൻ ഓപ്പണർ, 33 ടെസ്റ്റുകളും, 78 ഏകദിനങ്ങളും, 24 ടി20 മത്സരങ്ങളുമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത്. ടെസ്റ്റിൽ 1889 റൺസും, ഏകദിനത്തിൽ 2725 റൺസും, ടി20 യിൽ 595 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ഐപിഎല്ലിന്റെ ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.