SHARE

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി ഈ മാസം പത്തൊൻപതാം തീയതി കൊൽക്കത്തയിൽ നടക്കാനിരിക്കുന്ന താരലേലത്തിനുള്ള അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും, മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവുമായിരുന്ന സാം ബില്ലിംഗ്സിന്റെ പേര് ലേലപ്പട്ടികയിൽ ഇല്ലാതിരുന്നത് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിപ്പിച്ചിരുന്നു‌. എന്നാൽ ലേലപ്പട്ടിക പുറത്ത് വന്നതിന് പിന്നാലെ തന്റെ പേര് അതിലില്ലാത്തതിന് കാരണം വ്യക്തമാക്കി ബില്ലിംഗ്സ് തന്നെ രംഗത്തെത്തി.

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് താൽക്കാലിക ഇടവേളയെടുക്കാൻ താൻ തീരുമാനിച്ചതായും അത് കൊണ്ട് തന്നെ ഐപിഎൽ ലേലത്തിൽ നിന്ന് തന്റെ പേരു മാറ്റണമെന്ന് താൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞ ബില്ലിംഗ്സ്, ഇക്കാരണത്താലാണ് അന്തിമ ലേലപ്പട്ടികയിൽ തന്റെ പേരില്ലാത്തത് എന്നും കൂട്ടിച്ചേർത്തു. അടുത്ത കൗണ്ടി സീസൺ ഏപ്രിൽ മാസം തുടങ്ങുമെന്നും, അത് വരെ താൻ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുകയാണെന്നുമാണ് ബില്ലിംഗ്സ് വ്യക്തമാക്കിയത്.

അതേ സമയം കഴിഞ്ഞ രണ്ട് സീസൺ ഐപിഎല്ലുകളിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു ബില്ലിംഗ്സ്. 2018 ൽ 10 മത്സരങ്ങളിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ച താരത്തിന് 108 റൺസ് മാത്രമാണ് നേടാനായത്. 2019 ലാകട്ടെ ഒരു മത്സരത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിച്ചത്. ചെന്നൈ ടീമിലെത്തുന്നതിന് മുൻപ് ഡെൽഹിക്ക് വേണ്ടിയും ഐപിഎല്ലിൽ ബില്ലിംഗ്സ് കളിച്ചിട്ടുണ്ട്.