SHARE

ഇന്ത്യക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് നിരയിൽ താരമായത് സാം കുറാൻ എന്ന കൗമാര താരമാണ്. ഇന്ത്യൻ ഇന്നിങ്സിലെ നിർണ്ണായകമായ നാലു വിക്കറ്റുകൾ നേടുകയും, മറുപടി ബാറ്റിങ്ങിൽ കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറി നേടുകയും ചെയ്തിരിക്കുകയാണ് കുറാൻ.

ഇംഗ്ലണ്ടിനായി ഒരു മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടുകയും നാല് വിക്കറ്റുകൾ നേടുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് കുറാൻ തൻ്റെ പേരിൽ കുറിച്ചു. ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇംഗ്ലീഷുകാരൻ എന്ന റെക്കോർഡും ഇനി കുറാന് സ്വന്തം. 20 വയസ്സും 61 ദിവസവും പ്രായമുള്ളപ്പോഴാണ് കുറാന്റെ റെക്കോർഡ് നേട്ടം. കുക്കും റൂട്ടുമടങ്ങുന്ന പേരുകേട്ട ഇംഗ്ലീഷ് ബാറ്റിംഗ് നിര തകർന്നടിഞ്ഞടുത്തായിരുന്നു കുറാന്റെ ഒറ്റയാൾ പോരാട്ടം.

തന്റെ 19-ാo വയസിൽ അർദ്ധസെഞ്ച്വറി നേടിയ ഹസീബ് ഹമീദാണ് ഈ പട്ടികയിൽ മുന്നിൽ. 2016 ൽ മൊഹാലിയിൽ ഇന്ത്യക്കെതിരെ തന്നെയായിരുന്നു ഹമീദിന്റെയും അർദ്ധസെഞ്ച്വറി പ്രകടനം. ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഭാവിയിലും ഈ യുവതാരത്തിന്റെ പങ്ക് വലുതായിരിക്കുമെന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ കരുതുന്നത്.