SHARE

ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്ന സമീർ ദിഗെ മുംബൈ രഞ്ജി ടീമിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. ഒരു സീസൺ മാത്രം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് താരത്തിന്റെ മടക്കം‌. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം വളരെ വേഗം പരിശീലക സ്ഥാനം രാജി വെച്ചതെന്ന് പറയപ്പെടുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 6 ടെസ്റ്റുകളിലും 23 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ദിഗെ, 2016-17 സീസണിന്റെ അവസാനം ചന്ദ്രകാന്ത് പണ്ഡിറ്റിന് പകരമാണ് മുംബൈയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. പക്ഷേ പരിശീലകനെന്ന നിലയിൽ മുംബൈയ്ക്ക് നേട്ടങ്ങൾ സമ്മാനിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു‌.

സമീർ ദിഗേക്ക് കീഴിൽ കിരീടങ്ങളൊന്നും നേടാൻ കഴിയാതിരുന്ന മുംബൈ കഴിഞ്ഞ വർഷത്തെ രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ കർണാടകയോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയോട് പരാജയപ്പെട്ട് പുറത്തായ അവർക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അടുത്ത ദിവസം ചേരുന്ന ക്രിക്കറ്റ് ഇമ്പ്രൂവ്മെന്റ് കമ്മറ്റിക്ക് ശേഷം ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.