SHARE

ഹെയ്തിക്കെതിരെ നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കാണ് അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മത്സരത്തിലെ മെസ്സിയുടെ മൂന്നാം ഗോള്‍ പിറന്നത് യുവമധ്യനിര താരം ക്രിസ്റ്റ്യന്‍ പാവോണ്‍ നല്‍കിയ കിടിലന്‍ പാസ്സില്‍ നിന്നായിരുന്നു.

മത്സരശേഷം മെസ്സി – പാവോണ്‍ കൂട്ടുകെട്ടിനെ പ്രശംസിച്ച് സാംപോളി രംഗത്ത് വന്നത് ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തിരിക്കുയാണ് ഇപ്പോള്‍. ‘ മെസ്സിയുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കളിക്കിടയില്‍ ക്രിസ്റ്റ്യന് കഴിയുന്നുണ്ട്, എല്ലാ സമയവും ടീമിനായി വിനിയോഗിക്കുന്ന ക്രിസ്റ്റ്യൻ ടീമിലെ പ്രധാന ഘടകമാണ്’ – സാംപോളി പറഞ്ഞു. ഹെയ്തിക്കെതിരെ 59ാം മിനുട്ടില്‍ എയ്ഞ്ചല്‍ ഡി മരിയയെ പിന്‍വലിച്ചാണ് കോച്ച് ക്രിസ്റ്റ്യൻ പാവോണിനെ ഇറക്കിയത്. 22കാരനായ താരം നിലവില്‍ അര്‍ജന്റീനന്‍ ക്ലബ് ബൊക്കാ ജൂനിയേഴ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. മത്സരത്തില്‍ ഗോള്‍ നേടിയ അഗ്യൂറോയെയും കോച്ച് അഭിനന്ദിച്ചു.

അതേ സമയം, മെസ്സി – പാവോണ്‍ കൂട്ടുകെട്ടിനെ പ്രശംസിച്ച് പരീശീലകന്‍ രംഗത്ത് വന്നത് അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്. ജൂണ്‍ 14ന് ആരംഭിക്കുന്ന ലോകകപ്പില്‍ ഐസ്‌ലന്‍ഡ, നൈജീരിയ, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീനയുടെ സ്ഥാനം. 16ന് ഐസ്‌ലന്‍ഡിനെതിരെയാണ് അവരുടെ ആദ്യ മത്സരം.