SHARE

പതിനാലാം എഡിഷൻ ഐപിഎല്ലിൽ ഫോം കണ്ടെത്താൻ കഷ്ടപ്പെടുന്ന രാജസ്ഥാൻ റോയൽസ് തങ്ങളുടെ നാലാം പരാജയമായിരുന്നു ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റുവാങ്ങിയത്. ഡെൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 171/4 എന്ന മികച്ച സ്കോർ നേടിയപ്പോൾ, മുംബൈ 9 പന്തുകൾ ബാക്കി നിൽക്കെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം മത്സരത്തിൽ സ്വന്തമാക്കുകയായിരുന്നു.

ബാറ്റിംഗിൽ മികച്ച തുടക്കം ലഭിച്ച മത്സരത്തിൽ പ്രതീക്ഷിച്ച സ്കോർ നേടാൻ കഴിയാതിരുന്നത് തന്നെയായിരുന്നു രാജസ്ഥാന്റെ പരാജയത്തിന് പിന്നിലെ‌ പ്രധാന കാരണം. മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം സംസാരിക്കവെ റോയൽസ് നായകൻ സഞ്ജു സാംസണും ഇക്കാര്യം ചൂണ്ടിക്കാട്ടി.

മികച്ച രീതിയിലാണ് തങ്ങൾ ബാറ്റിംഗ് തുടങ്ങിയതെന്നും എന്നാൽ നല്ല രീതിയിൽ ഇന്നിംഗ്സ് ഫിനിഷ് ചെയ്യാനായില്ലെന്നും സഞ്ജു പറയുന്നു. നേടേണ്ടിയിരുന്നതിലും 20-25 റൺസ് കുറവാണ് രാജസ്ഥാൻ സ്കോർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, തങ്ങളുടെ ബോളർമാർ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും, ബാറ്റ്സ്മാന്മാർ എന്ന നിലയിൽ അവർക്ക് പ്രതിരോധിക്കാൻ ആവശ്യമായ സ്കോർ തങ്ങൾ നേടേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.

“ഇത് ഒരു മികച്ച വിക്കറ്റായിരുന്നു. പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസ് നന്നായി ബാറ്റ് ചെയ്തു. ഒരു ബാറ്റിംഗ് ഗ്രൂപ്പായി ഞങ്ങൾ കൂടുതൽ റൺസ് നേടേണ്ടതുണ്ട്. സ്വയം വിശ്വസിക്കുക. പോസിറ്റീവും, നിർഭയവുമായ ക്രിക്കറ്റ് കളിക്കുക. അതാണ് എല്ലാവരും ചെയ്യേണ്ടത്.” സാംസൺ പറഞ്ഞു നിർത്തി.