SHARE

കഴിഞ്ഞ സീസണിൽ കേരളാ‌ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച മധ്യനിര താരം സാമുവൽ ലാലംപൂയ ടീം വിടുമെന്ന് സൂചന. ഇരുപത്തിയൊന്നുകാരനായ ഈ മധ്യനിര താരവുമായി ഐ എസ് എൽ ക്ലബ്ബായ ഒഡീഷ എഫ് സി കരാറിലെത്തിക്കഴിഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സന്ദേശ് ജിങ്കന് പുറമേ സാമുവലും ടീം വിടുന്നത് ബ്ലാസ്റ്റേഴ്സിന് കടുത്ത ക്ഷീണമായിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്.

അതേ സമയം വലിയ പ്രതീക്ഷകളോടെ ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണെങ്കിലും പോയ സീസണിൽ കാര്യമായി കളത്തിലിറങ്ങാൻ സാമുവലിന് അവസരം ലഭിച്ചിരുന്നില്ല. പരിശീലകൻ എൽകോ ഷട്ടോറിയുടെ ടീം തന്ത്രങ്ങളിൽ മിക്കപ്പോളും പുറത്തായിരുന്നു സാമുവലിന് സ്ഥാനം. അത് കൊണ്ടു‌ തന്നെ ബ്ലാസ്റ്റേഴ്സിനായി അഞ്ച് മത്സരങ്ങൾ മാത്രമേ സാമുവലിന് കളിക്കാനായുള്ളൂ. സീസണിൽ മൊത്തം കളത്തിലിറങ്ങിയതാകട്ടെ 59 മിനുറ്റ് മാത്രവും. അറ്റാക്കിംഗ് മിഡ്ഫീൽഡറായ സാമുവൽ മിസോറാമിൽ നിന്നുള്ള താരമാണ്. 2015 മുതൽ 2019 വരെ ഷില്ലോംഗ്‌ ലജോംഗ് ടീമിന് വേണ്ടി കളിച്ചിരുന്ന‌‌ താരം, ഇടയ്ക്ക് ലോണടിസ്ഥാനത്തിൽ മിനർവ്വ പഞ്ചാബ് ജേഴ്സിയുമണിഞ്ഞു.