SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ തന്നെ ഏറ്റവുമധികം ആകർഷിച്ചത് സൺ റൈസേഴ്സ് ഹൈദരാബാദ് പേസർ സന്ദീപ് ശർമ്മയുടെ സ്ഥിരതയാണെന്ന് മുൻ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു ആരാധകന് നൽകിയ മറുപടിയിലായിരുന്നു ഹോഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ട്വിറ്ററിൽ ആരാധകരിൽ ഒരാൾ ഹോഗിനോട്, ഇത്തവണത്തെ ഐപിഎൽ ലീഗ് മത്സരങ്ങളിൽ ഏറ്റവും മതിപ്പ് തോന്നിയ പ്രകടനം ഏതെന്ന് ചോദിച്ചു. സന്ദീപ് ശർമ്മയുടെ സ്ഥിരതയാണ് ഇക്കുറി തനിക്ക് ഏറ്റവും കൂടുതൽ മതിപ്പ് സമ്മാനിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഹോഗ്, സന്ദീപ് ശർമ്മ അണ്ടർ റേറ്റഡ് കളികാരനാണെന്നും, പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായ ഭുവനേശ്വർ കുമാറിന്റെ അഭാവം അദ്ദേഹം നികത്തിയെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം 11 മത്സരങ്ങളിൽ ഇക്കുറി കളിക്കാനിറങ്ങിയ സന്ദീപ് ശർമ്മ 13 വിക്കറ്റുകളോടെ, പർപ്പിൾ ക്യാപ്പ് പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തുണ്ട്. റൺ വിട്ട് കൊടുക്കുന്നതിൽ പിശുക്കനായ ഈ വലം കൈയ്യൻ ബോളർ, ലീഗിന്റെ അവസാന ഘട്ടമെത്തിയപ്പോളായിരുന്നു ഏറ്റവും മികച്ച ഫോമിലേക്കെത്തിയത്.