SHARE

2020-21 സീസണിലെ മികച്ച ഇന്ത്യൻ ഫുട്ബോളറായി ഏ.ഐ.എഫ്.എഫ് സന്ദേശ് ജിം​ഗനെയാണ് തിരഞ്ഞെടുത്തത്. ഇന്ത്യൻ ദേശീയ ടീമിനായും ക്ലബായ എ.ടി.കെ മോഹൻ ബ​ഗാന് വേണ്ടിയും നടത്തിയ ഉജ്ജ്വല പ്രകടനമാണ് ജിം​ഗനെ പുരസ്കാരത്തിന് അർ​ഹനാക്കിയത്.

ഏ.സി.എൽ ഇഞ്ച്വറിയെത്തുടർന്ന് ഒരു ഐ.എസ്.എൽ സീസൺ പൂർണമായും നഷ്ടമായ ശേഷമാണ് ജിം​ഗന്റെ തകർപ്പൻ തിരിച്ചുവരവ്. 2019-ൽ ഇന്ത്യൻ ടീമിനൊപ്പം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളിച്ച സന്നാഹ മത്സരത്തിനിടെയാണ് ജിം​ഗന് പരുക്കേറ്റത്. അന്ന് കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിം​ഗന് അതോടെ സീസൺ നഷ്ടമായി. തുടർന്ന് പരുക്കിൽ നിന്ന മോചിതനായി തിരിച്ചെത്തി ബ​ഗാനൊപ്പം ചേർന്നാണ് ജിം​ഗൻ ഇന്ത്യൻ ഫുട്ബോളിലെ നിർണായക സ്ഥാനത്ത് തിരിച്ചെത്തിയത്.

കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് ജിം​ഗന് മാസങ്ങൾ പുറത്തിരിക്കേണ്ടവന്ന പരുക്കേറ്റത്. ഒരു ഫുട്ബോൾ താരത്തെ തളർത്താൻ അത് ധാരളാമായിരുന്നു. എന്നാൽ വെറും രണ്ട് സെക്കൻഡ് നേരത്തേക്ക് മാത്രമെ, സീസൺ നഷ്ടമാകു എന്ന കാര്യം തന്നെ ഞെട്ടിച്ചുള്ളുവെന്നാണ് ജിം​ഗൻ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയോടാണ് ജിം​ഗൻ ഇക്കാര്യം പറഞ്ഞത്.

​ഗുവാഹത്തിയിലെ ആശുപത്രിയിൽ പരുക്കേറ്റ് കിടക്കുമ്പോൾ ഡോക്ടർ വന്ന് എപ്പോഴാണ് സീസൺ തുടങ്ങുകയെന്ന് ചോദിച്ചു, ഒരാഴ്ചയ്ക്കകം എന്ന് ഞാൻ മറുപടി പറഞ്ഞു, എന്നാൽ അത് മറന്നേക്കു എന്ന് ഡോക്ടർ പറഞ്ഞു, ഞാൻ ഞെട്ടിപ്പോയി, ജിം​ഗൻ പറഞ്ഞു. എന്നാൽ എന്റെ പരുക്ക് ഒന്നുമായിരുന്നില്ല, കാരണം ഈ രാജ്യത്ത് അടുത്ത സമയത്തെ ഭക്ഷണം എങ്ങനെ കണ്ടെത്തുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്, ഇവിടെ കുട്ടികൾ വഴിയിൽ കിടന്നുറങ്ങുന്നത് നമുക്ക് കാണാം, ഒരു വർഷം മുമ്പ് ഫുട്ബോൾ കളിച്ചിരുന്ന, എന്നാൽ പിന്നീട് ശരീരം പാതി തളർന്ന കുട്ടികളേയും കാണം, ഇക്കാര്യങ്ങൾക്ക് മുന്നിൽ എന്റെ പരുക്ക് ഒന്നുമല്ലായിരുന്നു, ജിം​ഗൻ കൂട്ടിച്ചേർത്തു.

പരുക്ക് ഭേ​ദമാകുന്നതിനിടെ നടന്ന ഒരു സംഭവവും ജിം​ഗൻ വിവരിച്ചു. ഞാൻ കേരളത്തിലായിരിക്കുമ്പോൾ ഒരു ദിവസം നാൽപ്പതിലേറെ പ്രായമുള്ള ഒരാൾ എന്റെ അടുത്ത് വന്നു, എന്നെ കാണാൻ ഒരാൾക്ക് ആ​ഗ്രഹമുണ്ടെന്നും അയാൾ അടുത്ത മുറിയിലുണ്ടെന്നും പറഞ്ഞു. ഞാൻ അവിടേക്ക് ചെന്നപ്പോൾ കണ്ടത് ശരീരം തളർന്ന ഒരു കുട്ടിയെയാണ്, സ്വയം ഒന്നനങ്ങാൻ പോലും ആ കുട്ടിക്ക് ആകില്ല, ഒന്നുരണ്ട് വർഷം മുമ്പ് ആരോ​ഗ്യവാനായിരുന്ന ആ കുട്ടി ഫുട്ബോൾ കളിച്ചിരുന്നു, ജിം​ഗൻ പറഞ്ഞു.