SHARE

ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിലേക്ക് കൂടുമാറാൻ സാധ്യത. ഐ.എസ്.എൽ ക്ലബ് എ.ടി.കെ മോഹൻ ബ​ഗാന്റെ താരമായ ജിം​ഗനെ തേടി യൂറോപ്പിലെ മൂന്ന് രാജ്യങ്ങളിൽ നിന്ന് ഓഫറുകളുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ഏ.ഐ.എഫ്.എഫ് പുരസ്കാരം ജിം​ഗനായിരുന്നു. ബ​ഗാന്റെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് ജിം​ഗൻ. ഏ.എഫ്.സി കപ്പിനായി ബ​ഗാൻ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ജിം​ഗൻ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല. ഇതിനുപിന്നാലെയാണ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിൽ കളിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം ഓസ്ട്രിയ, ക്രൊയേഷ്യ, ​ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നാണ് ജിം​ഗന് ഓഫറുകളുള്ളത്. ബ​ഗാനുമായുള്ള ജിം​ഗന്റെ കരാറിൽ, താരത്തിന് വിദേശത്ത് നിന്ന് ഓഫറുകൾ വന്നാൽ തടസം നിൽക്കില്ല എന്ന ക്ലോസ് ചേർത്തിട്ടുണ്ടെന്നാണ് സൂചനകൾ. അങ്ങനെ വന്നാൽ മികച്ച യൂറോപ്യൻ ഓഫർ ലഭിക്കുകയാണെങ്കിൽ ജിം​ഗൻ ബ​ഗാൻ വിടാനാണ് സാധ്യത.

ജിം​ഗന് നിലവിൽ രണ്ട് ഉറച്ച ഓഫറുകൾ വന്നിട്ടുണ്ട്, യൂറോപ്പിൽ കളിക്കാൻ ആ​ഗ്രഹിക്കുന്ന താരമാണ് ജിം​ഗൻ, നിലവിൽ ജിം​ഗൻ ബ​ഗാൻ അധികൃതരുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തുകയാണ്, താരവുമായി ബന്ധപ്പെട്ട ഒരു വ്യക്തി അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.