SHARE

ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ തന്റെ പുതിയ ക്ലബ് വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജിം​ഗനായി രണ്ട് ഐ.എസ്.എൽ ക്ലബുകളുടെ ഓഫറുകളാണ് പ്രധാനമായും മുന്നിലുള്ളതെന്നും ഈ ആഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മാധ്യമപ്രവർത്തകൾ മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു.

ആറ് വർഷം നീണ്ട കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിച്ചപ്പോൾ ജിം​ഗൻ വിദേശത്തേക്ക് പോയേക്കും എന്നൊരു സൂചനയുണ്ടായിരുന്നു. ചില ക്ലബുകളുടെ പേരുകൾ ജിം​ഗനുമായി ചേർത്ത് പറയപ്പെട്ടിരുന്നു. എന്നാൽ കോവിഡ് ഉയർത്തിയ പ്രതിസന്ധിയെത്തുടർന്ന് വിദേശ ലീ​ഗിൽ കളിക്കാനുള്ള ജിം​ഗന്റെ സാധ്യതകൾ ഇല്ലാതായി. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ തുടരാനാണ് തീരുമാനം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ക്ലബുകളുടെ ഓഫറുകളാണ് ജിം​ഗൻ പ്രധാനമായും പരി​ഗണിക്കുന്നത്. ഇരുക്ലബുകളും ദീർഘകാലകരാറും ഏഷ്യൻ ഫുട്ബോൾ പോരാട്ടവുമാണ് ജിം​ഗന് നൽകിയ വാ​ഗ്ദാനം. എഫ്.സി.​ഗോവയും എ.ടി.കയുമാണ് ഈ ക്ലബുകളെന്നാണ് സൂചന. ഒക്ടോബർ ആദ്യത്തോടെ ഐ.എസ്.എൽ ഏഴാം പതിപ്പിന്റെ പ്രീസീസൺ ആരംഭിക്കും. ഇതിനുമുമ്പായി ജിം​ഗന്റെ പുതിയ ക്ലബ് പ്രഖ്യാപിക്കുമെന്നാണ് സൂചന