SHARE

സൂപ്പർതാരവും മുൻ ക്യാപ്റ്റനുമായ സന്ദേശ് ജിം​ഗൻ കേരളാ ബ്ലാസ്റ്റേഴ്സ് വിടുമെന്ന കാര്യം ഏതാണ്ട് ഉറപ്പായെന്നാണ് വാർത്തകൾ വരുന്നത്. ഇതുവരെ ഔദ്യോ​ഗികസ്ഥിരീകരണമൊന്നും ഇക്കാര്യത്തിൽ വന്നിട്ടില്ല. എങ്കിലും ഇപ്പോൾ തന്നെ താരത്തിന്റെ ഭാവിയെക്കുറിച്ച് ചൂടേറിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്

വിദേശ ക്ലബിലേക്ക് ചേക്കാറാനുള്ള നീക്കത്തിന്റെ ഭാ​ഗമാണ് താരത്തിന്റെ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്തേക്ക് പോകലെന്നാണ് പുറത്തുവരുന്ന ഒരു സൂചന. ഇ.എസ്.പി.എൻ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട് ഇത് ശരിവയ്ക്കുന്നുണ്ട്. ഖത്തർ ലീ​ഗിലെ ക്ലബുമായാണ് ജിം​ഗന്റെ പേര് ചേർത്ത്പറയുന്നത്. എന്നാൽ ക്ലബ് ഏതെന്ന സൂചനകളൊന്നും പുറത്തുവന്നില്ല. കഴിഞ്ഞ വർഷം നടന്ന ഏഷ്യാ കപ്പിന് പിന്നാലെ ഒരു ഖത്തർ ക്ലബ് ജിം​ഗനിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണിതെന്നും സൂചനയുണ്ട്. അതേസമയം തന്നെ ഓസ്ട്രേലിയൻ ക്ലബുകളും ജിം​ഗനുമായി ബന്ധപ്പെട്ടതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു.

ബ്ലാസ്റ്റേഴ്സുമായി സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായ ചില പ്രശ്നങ്ങളും ജിം​ഗന്റെ ക്ലബ് വിടലുമായി ചേർത്തുപറയുന്നുണ്ട്. ഇത് ശരിയെങ്കിൽ താരം ഐ.എസ്.എല്ലിൽ തന്നെ മറ്റേതെങ്കിലും ക്ലബിലേക്ക് ചേക്കേറാനാണ് സാധ്യത. എ.ടി.കെ-മോഹൻ ബ​ഗാൻ, മുംബൈ സിറ്റി തുടങ്ങിയ ക്ലബുകൾ താരത്തിനായി വലവിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ