SHARE

ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരവുമായ സന്ദേശ് ജിങ്കാന്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായത് ആരാധകര്‍ക്ക് ദു:ഖവാര്‍ത്തായാണ്. പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക്. എന്നാല്‍ പരിക്കിനും തളര്‍ത്താനാവില്ല ജിങ്കാനെ. വിശ്രമശേഷം മടങ്ങിയെത്തുമ്പോള്‍ ആരാധകര്‍ക്കൊരു സമ്മാനമൊരുക്കുകയാണ് താരം.

തന്റെ ആദ്യ പുസ്തകത്തിന്റെ പണിപ്പുരയിലാണ് താരം. ഇക്കാര്യം ജിങ്കാന്‍ തന്നെയാണ പുറത്തുവിട്ടത്. താന്‍ തന്റെ ആദ്യ പുസ്തകത്തിന്റെ രചനയിലാണന്നും ഉടന്‍ തന്നെ ഇത് പൂര്‍ത്തിയാകുമെന്നും ജിങ്കാന്‍ പറഞ്ഞു. ചെറിയ കഥകളുടെ സമാഹാരമാണിതെന്നും തന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ജിങ്കാന്‍ സൂചന നല്‍കി.

കഥകള്‍ മാത്രമല്ല കവിതകളും താന്‍ എഴുതാറുണ്ടെന്നും എന്നാല്‍ അത് ഈ പുസ്തകത്തിന്റെ ഭാഗമല്ലെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിങ്കാന്‍ പറഞ്ഞു. തിരിച്ചു വരവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ സുഖപ്പെട്ടു വരികയാണെന്നും വേഗത്തില്‍ മടങ്ങിയെത്തുക എന്നതിനേക്കാള്‍ കൂടുതല്‍ കരുത്തനായി മടങ്ങിയെത്തുക എന്നതിനാണ് താന്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.