SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന മത്സരവും സമനിലയില്‍ പിരിഞ്ഞ് പിന്‍നിരക്കാരായി സീസണ്‍ അവസാനിപ്പിച്ചെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ പ്രതീക്ഷയിലാണ്. ഈ മാസം നടക്കുന്ന സൂപ്പര്‍കപ്പില്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തോടെയാണ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുന്നത്. നാട്ടിലേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ സൂപ്പര്‍കപ്പിലെ പ്രതീക്ഷകളാണ് അദേഹം പങ്കുവച്ചത്.

സൂപ്പര്‍കപ്പ് കിരീടം നാട്ടിലെത്തിക്കുന്നതില്‍ മാത്രമാണ് ഇനിയുള്ള ശ്രദ്ധയെന്നും ടീം ഒന്നിച്ചു കളിച്ചാല്‍ ആ ലക്ഷ്യം അനായാസം നേടാമെന്നും ജിങ്കന്‍ പറയുന്നു. സീസണിലെ ആദ്യ പകുതിയേക്കാള്‍ നന്നായി അവസാന മത്സരങ്ങള്‍ കളിക്കാനായെന്ന് അദേഹം അഭിപ്രായപ്പെട്ടു. അവസാന മത്സരങ്ങളില്‍ ഗ്യാലറിയില്‍ ആരാധകരുടെ എണ്ണം കുറഞ്ഞതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ജിങ്കന്‍ മറുപടി നല്കിയതുമില്ല.

സൂപ്പര്‍കപ്പിന്റെ പ്രധാന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടണമെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് യോഗ്യതറൗണ്ട് കളിക്കേണ്ടിവരും. ഐലീഗ് ക്ലബുകള്‍ ഉള്‍പ്പെടുന്ന യോഗ്യതറൗണ്ടും ഫൈനല്‍റൗണ്ടും ഒഡീഷയിലെ ഭുവനേശ്വറിലാണ് നടക്കുന്നത്. കേരളത്തില്‍ നിന്ന് ഗോകുലം കേരള എഫ്‌സിയും സൂപ്പര്‍കപ്പിന്റെ യോഗ്യതറൗണ്ടില്‍ കളിക്കും. ഫിക്‌സ്ചര്‍ പുറത്തുവന്നിട്ടില്ല.