SHARE

ഐഎസ്എല്‍ നായകന്മാരിലെ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് സന്ദേശ് ജിങ്കനെ എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്. പ്രതിരോധത്തിലാണ് കളിക്കുന്നതെങ്കിലും എതിരാളികളെ അപകടകരമായി പ്രതിരോധിക്കാനോ ഫൗള്‍ ചെയ്യാനോ അദേഹം ശ്രമിക്കാറില്ല. എന്നാല്‍ ബെംഗളൂരുവിനെതിരായ മത്സരത്തില്‍ നിരന്തരം ഫൗളുകള്‍ നേരിടേണ്ടിവന്ന ജിങ്കന് ഒരുവേള തന്റെ മനസാന്നിധ്യം നഷ്ടമാകുകയും ചെയ്തു. ബെംഗളൂരു ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവുമായി കൂട്ടിയിടിച്ച് പരിക്കേറ്റതോടെ തലയില്‍ വച്ചുകെട്ടുമായാണ് ജിങ്കന്‍ കളി തുടര്‍ന്നത്. ഇതിനുശേഷമാണ് വീണ്ടും ഫൗളിന് വിധേയനാകേണ്ടി വന്നത്.

കളിയുടെ 57മത്തെ മിനിറ്റിലാണ് സംഭവം. ഉയര്‍ന്നു വന്ന പന്തിനായി ജിങ്കനും ബെംഗളൂരു താരം സിസ്‌കോയും ചാടിയുയര്‍ന്നു. എന്നാല്‍ പിന്നില്‍ നിന്ന ജിങ്കന്റെ മുഖത്താണ് സിസ്‌കോയുടെ കൈ വന്നിടിച്ചത്. കാര്‍ഡ് ലഭിക്കാതിരിക്കാന്‍ സിസ്‌കോ താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന മട്ടില്‍ പെരുമാറിയതാണ് ജിങ്കനെ ചൊടിപ്പിച്ചത്. സിസ്‌കോയുടെ അടുത്തെത്തി തന്റെ അനിഷ്ടം ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അറിയിക്കുകയും ചെയ്തു.

സാധാരണ തനിക്കു നേരെ വരുന്ന ഫൗളുകള്‍ക്ക് ഒരു ചെറുപുഞ്ചിരിയില്‍ മറുപടി നല്കുന്നതാണ് ജിങ്കന്റെ പതിവ്. എന്നാല്‍ ഒരുഗോളിന് പിന്നിലായശേഷം അടിക്കടി ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഫൗള്‍ ചെയ്യുകയാണ് ബെംഗളൂരു ചെയ്തത്. തുടക്കത്തില്‍ ബെംഗളൂരുവിന്റെ പരുക്കന്‍ അടവുകളോട് പ്രതികരിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഇതേ അടവ് തിരിച്ച് പ്രയോഗിച്ചതോടെ റഫറിക്ക് ജോലിഭാരം വര്‍ധിക്കുകയും ചെയ്തു.