SHARE

ഒരു വർഷത്തോളമായി ഒരു മത്സരം പോലും കളിച്ചിട്ടില്ല ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ലോകകപ്പ്, ഏഷ്യാ കപ്പ് യോ​ഗ്യതാ റൗണ്ടുകളിൽ ഇതുവരെ മോശം പ്രകടനം നടത്തിയ ഇന്ത്യക്ക്, ഇനി മുന്നേറണമെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലത്തേയും ആശ്രയിക്കണം.

ഇതിനിടയിലും ഇന്ത്യൻ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് പ്രതീക്ഷയിലാണ്. താൻ ഉദ്ദേശിക്കുന്ന കളിശൈലിയിലക്ക് ടീം പടിപടിയായി വരുന്നുണ്ടെന്നാണ് സ്റ്റിമാച്ച് പറയുന്നത്. ഇപ്പോൾ, സ്റ്റിമാച്ചിന്റെ ഈ ഫുട്ബോൾ ശൈലിയാണ് ടീമിലെ ഭരിഭാ​​ഗം താരങ്ങളും കളിക്കാൻ ആ​ഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് ദേശീയ ടീം ​ഗോളി ​ഗുർപ്രീതി സിങ് സന്ധു. ഖേൽനൗവിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ബെം​ഗളുരു എഫ്.സിയുടെ ​ഗോളിയായ സന്ധു ഇക്കാര്യം പറഞ്ഞത്.

സ്റ്റിമാച്ചിന്റെ കീഴിലുള്ള ഫുട്ബോൾ വ്യത്യസ്തമാണ്, ടീമിലെ ഭൂരിഭാ​ഗം കളിക്കാരും ഇഷ്ടപ്പെടുന്നത് ആ ശൈലിയിൽ തുടരാനാണ്, പൊസെഷന് പ്രാധാന്യം കൊടുത്ത്, പിന്നിൽ നിന്ന് ബിൽഡ് അപ് ചെയ്യുന്ന ശൈലിയാണത്, സഹൽ അബ്ദുൾ സമദിനേയും അനിരുദ്ധ് ഥാപയേയും പോലെ, പന്ത് പിടിച്ചുവച്ച് കളിക്കാൻ മികവുള്ള താരങ്ങളും ഇന്ത്യക്കുണ്ടെന്നത് ഈ ശൈലി കളിക്കാൻ സഹായിക്കും, ​സന്ധു പറഞ്ഞു.