SHARE

ഒരിടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസ താരമായ കുമാർ സംഗക്കാര. വർഷങ്ങളോളം കളികാരനെന്ന നിലയിൽ ഐപിഎല്ലിലുണ്ടായിരുന്ന താരം ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്ററായാണ് ടൂർണമെന്റിന്റെ ഭാഗമാകുന്നത്. ഐപിഎല്ലിനായി ഇന്ത്യയിലെത്തിക്കഴിഞ്ഞ സംഗ, കഴിഞ്ഞ ദിവസം ഫ്രാഞ്ചൈസിയുടെ യൂടൂബ് ചാനലിൽ ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു.

കളിച്ചു കൊണ്ടിരുന്ന സമയത്ത് ലോകത്ത് ഏറ്റവും മനോഹരമായി കവർ ഡ്രൈവ് കളിക്കുന്ന താരങ്ങളിലൊരാളായിരുന്നു സംഗക്കാര. അത് കൊണ്ടു തന്നെ ഈ ഷോട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലൊന്ന് സംഗക്കാരയ്ക്ക് ആരാധകരിൽ ഒരാളിൽ നിന്ന് നേരിടേണ്ടി വന്നു.‌ നിലവിൽ ഏറ്റവും നന്നായി കവർ ഡ്രൈവ് കളിക്കുന്ന ബാറ്റ്സ്മാൻ ആരെന്ന ആരാധകന്റെ ചോദ്യത്തിന് ഒരു നിമിഷം ആലോചിച്ചു നിന്ന സംഗ, രാജസ്ഥാൻ റോയൽസ് താരങ്ങളായ സഞ്ജു സാംസൺ, ബെൻ സ്റ്റോക്ക്സ് എന്നിവരുടെ പേരാണ് മറുപടി നൽകിയത്. കവർ ഡ്രൈവുകളുടെ കാര്യത്തിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയും ഏറെ മികച്ചു നിൽക്കുന്നതായും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങളുടെ ടീമിൽ തന്നെ വളരെ മികച്ച രീതിയിൽ കവർ ഡ്രൈവ് കളിക്കുന്ന കുറച്ച് പേരുണ്ട്. ബെൻ സ്റ്റോക്ക്സാണ് അതിലൊന്ന്. സഞ്ജു സാംസണിനും ഡ്രൈവ് കളിക്കാൻ കഴിയും. തീർച്ചയായും വിരാട് കോഹ്ലിക്കും മനോഹരമായി ഡ്രൈവ് ചെയ്യാൻ സാധിക്കും. അദ്ദേഹത്തിന്റെ ബാലൻസിംഗ് വളരെ മികച്ചതാണ്‌. ശിവം ഡൂബെയും ഈ ഷോട്ട് കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ പ്രിയപ്പെട്ട ഷോട്ടുകളിൽ ഒന്നാണ്. ഈ ഷോട്ട് എന്നേക്കാൾ മികച്ച രീതിയിൽ കളിക്കുന്ന നിരവധി ബാറ്റ്സ്മാന്മാർ ഇപ്പോളുണ്ട്.” സംഗക്കാര പറഞ്ഞു നിർത്തി.