SHARE

ലോകകപ്പിൽ കിരീട‌പ്രതീക്ഷയോടെയെത്തിയ ഇന്ത്യ സെമിഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെടുകയായിരുന്നു‌. ബാറ്റ്സ്മാന്മാരുടെ പരാജയമായിരുന്നു കിവീസിനെതിരായ സെമിയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യൻ മുൻ നിര ബാറ്റിംഗ് അമ്പേ പരാജയമായ മത്സരത്തിൽ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണിയെ ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാനിറക്കിയത് പിന്നീട് വലിയ വിവാദമായിരുന്നു.

ധോണി നേരത്തെ ബാറ്റിംഗിനിറങ്ങിയിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നെന്നും, അദ്ദേഹത്തെ ബാറ്റിംഗിൽ താഴേക്ക് ഇറക്കാനുള്ള തീരുമാനം ഇന്ത്യയെ തോൽവിയിലേക്ക് നയിക്കുകയായിരുന്നുവെന്നും പിന്നീട് ഇന്ത്യ‌ൻ മാനേജ്മെന്റിനെതിരെ വിമർശനം ഉയർന്നു. ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബംഗാറാണ് ധോണിയെ ഏഴാം നമ്പരിൽ ബാറ്റിംഗിനിറക്കിയതിന് പിന്നിലെന്നായിരുന്നു അന്ന് പുറത്ത് വന്ന് വാർത്തകൾ. എന്നാൽ ഇപ്പോളിതാ ധോണിയെ സെമി ഫൈനലിൽ ഏഴാം നമ്പരിൽ ബാറ്റിംഗിനിറക്കിയത് തന്റെ മാത്രം തീരുമാനമല്ലെന്ന് വെളിപ്പെടുത്തി ബംഗാർ തന്നെ രംഗത്തെത്തിയിരിക്കുന്നു.

“ധോണിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട കാര്യത്തിൽ ആൾക്കാർ തനിക്കെതിരെ തിരിയുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഞാൻ ഒറ്റയ്ക്കല്ല ടീമിലെ‌ കാര്യങ്ങൾ തീരുമാനിക്കുന്നത്. ധോണിയെ സെമിയിൽ ആറാമത് ബാറ്റിംഗിനിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വിക്കറ്റുകൾ കടപുഴകിക്കൊണ്ടിരുന്നതിനാൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരത്തിന് ഫിനിഷറുടെ റോൾ നൽകാ‌ൻ തീരുമാനിക്കുകയായിരുന്നു. അത് എന്റെ മാത്രമല്ല മറിച്ച് ടീമിന്റെ മൊത്തത്തിലുള്ള തീരുമാനമായിരുന്നു.” ബംഗാർ പറഞ്ഞുനിർത്തി.

ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ സെമിയിലെ ധോണിയുടെ ബാറ്റിംഗ് പൊസിഷനെതിരെ ഇന്ത്യൻ ആരാധകർ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. എന്നാൽ ധോണിയെ ഏഴാം നമ്പരിൽ കളിപ്പിക്കുകയെന്നത് ടീമിന്റെ മൊത്തത്തിലുള്ള തീരുമാനമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും, പരിശീലക‌‌ൻ രവി ശാസ്ത്രിയും പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടിരുന്നു‌.