SHARE

മികച്ച ഫോമിലുള്ള ദിനേഷ് കാര്‍ത്തിക്കിനെ ടീമിലെടുക്കാതെ സുരേഷ് റെയ്‌നയെ കളിപ്പിക്കുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരങ്ങളിലൂടെ മൂന്നു വര്‍ഷത്തിന് ശേഷമാണ് റെയ്‌ന ഏകദിന ടീമിൽ തിരിച്ചെത്തിയത്. എന്തായാലും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍.

മിഡില്‍ ഓര്‍ഡറില്‍ ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ അനിവാര്യമാണെന്നും അതു കൊണ്ട് റെയ്‌നയെ കളിപ്പിക്കുമെന്നുമാണ് ബംഗാര്‍ വ്യക്തമാക്കുന്നത്. പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ബംഗാര്‍ മനസ്സ് തുറന്നത്. ‘ മിഡില്‍ ഓര്‍ഡറില്‍ ഒരു ഇടംകയ്യനെ കളിപ്പിക്കുകയെന്നതായിരുന്നു പ്ലാന്‍, അതു കൊണ്ട് തന്നെയാണ് കാര്‍ത്തിക്കിനേക്കാള്‍ കൂടുതല്‍ റെയ്‌നയെ പരിഗണിക്കുന്നത്.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര നിലവില്‍ 1-1 സമനിലയിലാണ്. അതിനാൽ തന്നെ, ചൊവ്വാഴ്ച്ച ലീഡ്‌സിലെ ഹെഡിംഗ്‌ലേയില്‍ നടക്കുന്ന മൂന്നാം മത്സരം കടുത്തതാവുമെന്ന് ഉറപ്പാണ്. അതേ സമയം, കാര്‍ത്തിക്കിന് അവസരം നല്‍കിയേക്കുമെന്ന സൂചനയും ടീം ക്യാമ്പില്‍ നിന്ന് പുറത്തു വരുന്നുണ്ട്. അങ്ങനെ വന്നാല്‍ കെ എല്‍ രാഹുലിനായിരിക്കും അവസരം നഷ്ടപ്പെടുക. റെയ്‌നയ്ക്ക് ഇടംകയ്യനെന്ന ആനുകൂല്യം ലഭിക്കുകയും ചെയ്‌തേക്കും.