SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് പുതുതായി എത്താനൊരുങ്ങുന്ന ഫ്രാഞ്ചൈസികളിലൊന്ന് ഉത്തർപ്രദേശിലെ ലക്നൗ നഗരം ആസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് സൂചന. ഐപിഎല്ലിൽ മുൻപുണ്ടായിരുന്ന റൈസിംഗ് പൂനെ‌സൂപ്പർ ജയന്റ്സ് ടീമിന്റെ ഉടമസ്ഥരായിരുന്ന ആർ പി എസ് ജി ഗ്രൂപ്പ് ഈ ടീമിനെ സ്വന്തമാക്കാൻ താല്പര്യപ്പെടുന്നുണ്ടെന്നും, പുതിയ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയുള്ള ബിഡ്ഡിംഗിൽ പങ്കെടുക്കുന്നതിന് ബിസിസിഐക്ക് സമർപ്പിക്കേണ്ട രേഖകൾ അവർ വാങ്ങിക്കഴിഞ്ഞെന്നുമാണ് സൂചന. ഇന്നലെ ക്രിക്ക്ബസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ലക്നൗവിന് പുറമേ അഹമ്മദാബാദ്, ഇൻഡോർ, കട്ടക്ക്, ഗുവാഹത്തി, ധർമ്മശാല എന്നീ നഗരങ്ങളും പുതിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്കുള്ള ബിഡ്ഡിംഗിൽ ലഭ്യമാണ്‌. ലേലത്തിൽ ഉയർന്ന ബിഡ് സമർപ്പിക്കുന്ന 2 ഗ്രൂപ്പുകൾക്കാവും പുതിയ ഐപിഎൽ ഫ്രാഞ്ചൈസികൾ ലഭിക്കുക. നിലവിൽ പുറത്ത് വരുന്ന സൂചനകൾ പ്രകാരം സഞ്ജീവ് ഗോയങ്കയുടെ ആർ പി എസ് ജി ഗ്രൂപ്പ് ലക്നൗ ടീമിനെയും, അഡാനി ഗ്രൂപ്പ് അഹമ്മദാബാദിൽ നിന്നുള്ള ടീമിനെയും ബിഡ്ഡിംഗിലൂടെയും സ്വന്തമാക്കിയേക്കും. എന്നാൽ 2011 ൽ കൊച്ചി ടീമിനെ റൊംഗ്ദേവു കൺസോർഷ്യം അപ്രതീക്ഷിതമായി ബിഡ് ചെയ്തത് പോലെ ഇക്കുറിയും ആരെങ്കിലും ബിഡ്ഡിംഗിൽ ബിസിസിഐയെ ഞെട്ടിക്കുമോ എന്നതും കണ്ടറിയണം.

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികളുടെ അടിസ്ഥാന വില എത്രയായിരിക്കുമെന്ന കാര്യത്തിൽ ഇതു വരെ ബിസിസിഐയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും കുറഞ്ഞത് 2000 കോടി രൂപയെങ്കിലുമായിരിക്കും അതെന്നാണ് സൂചനകൾ. രണ്ട് പുതിയ ഫ്രാഞ്ചൈസികളിൽ നിന്നുമായി 5000 കോടി രൂപയെങ്കിലും ഫീ ഇനത്തിൽ നേടാൻ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. ഒക്ടോബർ 17 ന് പുതിയ ടീമുകൾക്ക് വേണ്ടിയുള്ള ലേലം നടത്താനാണ് ബിസിസിഐ തീരുമാനിച്ചിട്ടുള്ളത്. ലേലത്തിന്റെ മറ്റ് വിശദവിവരങ്ങൾ വരും ആഴ്ചകളിൽ ഇന്ത്യൻ ബോർഡ് പുറത്ത് വിടുമെന്നാണ് കരുതപ്പെടുന്നത്.