SHARE

പതിനൊന്നാം സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസ് ടീമിൽ കളിക്കും. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8 കോടി വില നൽകി രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിൽ എത്തിക്കുക യായിരുന്നു. മുംബൈ ഇന്ത്യൻസുമായി നടന്ന ശക്തമായ ലേലത്തിനൊടുവിലായിരുന്നു രാജസ്ഥാൻ ഈ മലയാളി താരത്തെ സ്വന്തമാക്കിയത്. 2013 മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ഈ ഇരുപത്തിമൂന്നുകാരൻ കഴിഞ്ഞ രണ്ട് സീസണുകളിലും ഡെൽഹി ഡെയർഡെവിൾസിനൊപ്പമായിരുന്നു.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരുടെ സെഷനോടെയാണ് ഉച്ചഭക്ഷണത്തിന് ശേഷം ലേലം ആരംഭിച്ചത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേലായിരുന്നു ആദ്യ താരം. എന്നാൽ ആവശ്യക്കാരില്ലാത്തതിനാൽ താരം വിൽക്കപ്പെടാതെ പോവുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡി കോക്ക് 2.8 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തി. താരത്തെ റൈറ്റ് ടു മാച്ച് കാർഡ് സൗകര്യം ഉപയോഗിച്ച് ടീമിലേക്ക് തിരിച്ചെത്തിക്കാൻ ഡെൽഹി ഡെയർഡെവിൾസിന് കഴിയുമായിരുന്നെങ്കിലും അവരതിന് തുനിഞ്ഞില്ല.

വൃദ്ധിമാൻ സാഹ 5 കോടി രൂപയ്ക്ക് സൺ റൈസേഴ്സ് ഹൈദരാബാദിലെത്തിയപ്പോൾ, ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയ്ക്കും, ഇന്ത്യൻ താരം നമാൻ ഓജയ്ക്കും ആവശ്യക്കാരുണ്ടായില്ല.

നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ ദിനേഷ് കാർത്തിക്കിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയത് 7.4 കോടി രൂപയാണ്.