SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ മലയാളി താരമായ സഞ്ജു സാംസൺ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ 92 റൺസ് നേടി പുറത്താകാതെ നിന്ന സഞ്ജു ഐപിഎല്ലിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ 92 റൺസ് നേടിയ വിരാട് കോഹ്ലി സഞ്ജുവിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സീസണിലെ നാലാം മത്സരത്തിനിറങ്ങുമ്പോൾ നഷ്ടപ്പെട്ട ഓറഞ്ച് ക്യാപ്പ് തിരിച്ച് പിടിക്കുക എന്നതാകും സഞ്ജുവിന്റെ ലക്ഷ്യം.

നിലവിൽ 4 മത്സരങ്ങളിൽ നിന്ന് 201 റൺസ് നേടിയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകൻ കൂടിയായ വിരാട് കോഹ്ലി ഓറഞ്ച് ക്യാപ്പ് കൈവശപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു 178 റൺസാണ് നേടിയിരിക്കുന്നത്. അതായത് കൊൽക്കത്തയ്ക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ 24 റൺസ് നേടാൻ കഴിഞ്ഞാൽ ഈ വർഷത്തെ ഐപിഎൽ റൺ വേട്ടയിൽ ഒന്നാമതെത്താനും അത് വഴി ഓറഞ്ച് ക്യാപ്പ് തിരിച്ച് സ്വന്തമാക്കാനും സഞ്ജുവിന് കഴിയും. നിലവിലെ മികച്ച ഫോമിൽ സഞ്ജുവിന് അതിന് കഴിയുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷയും.

സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 49 റൺസ് നേടിയാണ് ഈ വർഷത്തെ ഐപിഎല്ലിന് സഞ്ജു തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തിൽ ഡെൽഹി ഡെയർഡെവിൾസിനെതിരെ 37 റൺസും, മൂന്നാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പുറത്താകാതെ 92 റൺസും താരം സ്കോർ ചെയ്തു. മൊത്തം മൂന്ന് മത്സരങ്ങളിൽ  89.00 എന്ന ബാറ്റിംഗ് ശരാശരിയിൽ 178 റൺസ് സ്കോർ ചെയ്ത സഞ്ജു 9 ബൗണ്ടറികളും, 12 സിക്സറുകളും ഈ ഐപിഎല്ലിൽ ഇതേ വരെ നേടിക്കഴിഞ്ഞു.