SHARE

സഞ്ജു സാംസൺ അസാമാന്യ പ്രതിഭയുള്ള ക്രിക്കറ്ററാണെന്നും അദ്ദേഹത്തിന്റെ മികച്ച ഫോം ഈ സീസണിലെ രഞ്ജി ട്രോഫിയിൽ കേരളത്തിന് ഏറെ നിർണായകമായെന്നും കേരളാ ക്രിക്കറ്റ് ടീം കോച്ച് ഡേവ് വാട്ട്മോർ. വിദർഭയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി മൈ ഖേൽ ഡോട്ട് കോമുമായി സംസാരിക്കുന്നതിനിടെയാണ് വാട്ട്മോർ സഞ്ജുവിനെക്കുറിച്ച് മനസ് തുറന്നത്.

കേരളം ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ടീമിലെ താരങ്ങൾക്കുള്ളതാണ്. താൻ ടീമിന് വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. സഞ്ജു സാംസണെപ്പോലുള്ള താരങ്ങളുടെ സാന്നിധ്യം ഏത് എതിരാളിയേയും ഒന്ന് ഭയപ്പാടിലാക്കും, കാരണം സഞ്ജു അസാമാന്യ പ്രതിഭ തൊട്ടു തീണ്ടിയിട്ടുള്ള ക്രിക്കറ്ററാണ്. ഈ സീസണിൽ തന്റെ മേലുണ്ടായിരുന്ന പ്രതീക്ഷകളെ മുഴുവനായി തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജുവിന്റേത്. ഓരോ മത്സരത്തിലും നന്നായി ഒരുങ്ങി ഇറങ്ങിയ സഞ്ജുവിന് കേരളത്തെ ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തിച്ചതിൽ വലിയ പങ്കാണുള്ളത്. വാട്ട് മോർ പറഞ്ഞു.

ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ, സിംബാബ്വെ എന്നീ രാജ്യങ്ങളെ പരിശീലിപ്പിച്ച പരിചയ സമ്പത്തുള്ള വാട്ട്മോർ ഈ വർഷമാണ് കേരളാ രഞ്ജി ടീമിന്റെ പരിശീലകനായി ചുമതലയേൽക്കുന്നത്. വാട്ട്മോറിന്റെ കീഴിൽ ഈ വർഷത്തെ രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിലെത്തി നിൽക്കുകയാണ് കേരളാ രഞ്ജി ടീം