മലയാളി സൂപ്പർതാരം സഞ്ജു സാംസനെ ഇന്ത്യൻ ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ട്വീറ്റുകൾ ചെയ്യുന്ന ജോൺസാണ് ഇക്കാര്യം അറിയിച്ചത്. ഇൻസൈഡ് സ്പോർടും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
ഏഷ്യാ കപ്പിലും ടി20 ലോകകപ്പിനുമുള്ള ഇന്ത്യൻ സ്ക്വാഡിൽ നിന്ന് സഞജുവിനെ ഒഴിവാക്കിയത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ ഏ ടീമിന്റെ ക്യാപ്റ്റനായി സഞ്ജുവിനെ നിയമിച്ചിരുന്നു. ഇതിനുശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടക്കാനിരിക്കുന്ന ഏകദിനപരമ്പരയിൽ സഞ്ജു കളിക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്. ഇപ്പോൾ സഞ്ജുവിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കും പരിഗണിക്കുന്നതായാണ് പുതിയ സൂചനകൾ.
ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പ്രധാന താരങ്ങളാരും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കാൻ സാധ്യതയില്ല. ഇതോടെ രണ്ടാം നിര ടീമാകും ഈ പരമ്പര കളിക്കുക. സ്ക്വാഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശിഖർ ധവാനാകും ടീമിനെ നയിക്കുകയെന്നാണ് സൂചന. ഒക്ടോബർ ആറിനാണ് ഏകദിന പരമ്പര തുടങ്ങുന്നത്.