SHARE

ഇംഗ്ലീഷ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിക്കും ടീമില്‍ ഇടംലഭിച്ചില്ല. കരുണ്‍ നായര്‍ ക്യാപ്റ്റനായ ടീമില്‍ താരതമ്യേന പുതുമുഖങ്ങളായ അങ്കിത് രാജ്പുതിന് പോലും അവസരം ലഭിച്ചപ്പോഴാണ് മലയാളി താരങ്ങള്‍ക്ക് ഈ അവഗണന. രഞ്ജി ട്രോഫിയിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിലും മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. എന്നിട്ടും താരത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല.

പൃഥ്വി ഷായാണ് എ ടീമിലെ പുതുമുഖം. മയങ്ക് അഗര്‍വാളും മുഹമ്മദ് സിറാജും ടീമിലുണ്ട്. ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരായ ട്വന്റി-20 ടീമിലേക്ക് സഞ്ജുവിനെ തിരിച്ചു വിളിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ സിദ്ധാര്‍ഥ് കൗള്‍ മാത്രമാണ് പുതുമുഖമായി ടീമിലെത്തിയത്. ഐപിഎല്ലിലെ പ്രകടനമല്ല ദേശീയ ടീമിലേക്കുള്ള സെലക്ഷന്റെ പ്രധാന പരിഗണന വിഷയം എന്നു വാദിക്കാമെങ്കിലും സഞ്ജുവിനെ തഴഞ്ഞതിന് ഇതൊരു ന്യായീകരണമല്ല.

-Advertisement-

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ കിരീടത്തിലേക്ക് നയിച്ച പേസര്‍ ഗുര്‍ബാനിക്ക് ഇത് അര്‍ഹിക്കുന്ന പ്രതിഫലമായി. ടീം- കരുണ്‍ നായര്‍ (ക്യാപ്റ്റന്‍), ആര്‍. സാമര്‍ഥ്, മയങ്ക് അഗര്‍വാള്‍, എ.ആര്‍. ഈശ്വരന്‍, പൃഥ്വി ഷാ, ഹിരണ്‍ വിഹാരി, അങ്കിത് ബവാനെ, വിജയ് ശങ്കര്‍, കെ.എസ്. ഭരത്, ജയന്ത് യാദവ്, ഷഹ്ബസ് നദീം, അങ്കിത് രാജ്പുത്, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, രഗ്നേഷ് ഗുര്‍ബാനി.