SHARE

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിന്റെ സൂപ്പർ താരം സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു വെറും 129 പന്തുകളിൽ 21 ബൗണ്ടറികളും, 10 സിക്സറുകളുമടക്കം 212 റൺസ് നേടി‌ പുറത്താകാതെ നിന്നു. ഈ ഇന്നിംഗ്സോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു പിടി റെക്കോർഡുകളും താരത്തിന് സ്വന്തമായി.

ഇന്ത്യൻ അഭ്യന്തര ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇന്ന് സഞ്ജു നേടിയത്. കഴിഞ്ഞ സീസണിൽ സിക്കിമിനെതിരെ 202 റൺസ് നേടിയ ഉത്തരാഖണ്ട് താരം കെ വി കൗശലിന്റെ റെക്കോർഡാണ് ഇന്ന് പഴങ്കഥയായത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരിന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവുമുയർന്ന സ്കോറെന്ന റെക്കോർഡും ഇന്ന് സഞ്ജുവിന് സ്വന്തമായി. ഇതിന്‌പുറമേ ലിസ്റ്റ് എ ക്രിക്കറ്റിൽ‌ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ഇതിഹാസങ്ങൾക്കൊപ്പമെത്താനും സഞ്ജുവിന് കഴിഞ്ഞു. രോഹിത് ശർമ്മ (3 തവണ), ശിഖാർ ധവാൻ, സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സേവാഗ്, കരൺ കൗശൽ എന്നിവരാണ് ഇതിന് മുൻപ് ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങൾ.

ഗോവയ്ക്കെതിരെ ഇന്ന് മൂന്നാം വിക്കറ്റിൽ സഞ്ജുവും സച്ചിനും ചേർന്ന് നേടിയത് 338 റൺസാണ്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോർഡും ഇതോടെ ഇവരുടെ പേരിലായി. ടോം മൂഡിയും, ടിം കുർട്ടിസും ചേർന്ന് 1994 ൽ വോഴ്സസ്റ്റർഷെയറിന് വേണ്ടി‌ കളിച്ചപ്പോൾ നേടിയ 309 റൺസ് കൂട്ടുകെട്ടാണ് സച്ചിൻ-സഞ്ജു സഖ്യം പിന്നിലാക്കിയത്.