SHARE

നിഷ്കളങ്കമായ ചിരിയാണ് സംവിധായകൻ ബേസിൽ ജോസഫിന്റെ ഹൈലറ്റ്. അതുപോലെ തന്നെ മനുഷ്യരെ നിഷ്കളങ്കമായി ചിരിപ്പിക്കേണ്ടത് എങ്ങനെയാണെന്നും ബേസിലിന് അറിയാം. ബേസിലിന്റെ ഓരോ സിനിമകളും അതിന് ഉദാഹരമാണ്. എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിന്നല്ലാതെ മുന്നിൽ നിന്നുകൊണ്ട് കഴിഞ്ഞ ദിവസം ബേസിൽ ചിരിപ്പിച്ചത് ജനപ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണെയാാണ്.

ഇന്ത്യൻ താരവും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജുവും മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫും വണ്ടർവാൾ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അവതാരകരില്ലാതെ ഇരുവരും പരസപരം ചോദ്യങ്ങളും ഉത്തരങ്ങളുമായി സംവദിക്കുന്ന രീതിയിലാണ് ചാറ്റ് ഷോ ഒരുക്കിയിരിക്കുന്നത്.

‘താങ്കളെ രാജസ്ഥാൻ നിലനിർത്തി അല്ലെ, അതും 14 കോടിക്ക്. ഈ കോടികളൊക്കെ നിങ്ങൾ എവിടെ കൊണ്ടുപോയി വെക്കുന്നു,” എന്നാണ് ബേസിൽ ആദ്യം തന്നെ സഞ്ജുവിനോട് ചോദിച്ചത്. എന്നാൽ, ഇതിന് ഒരു പൊട്ടിച്ചിരി മാത്രമായിരുന്നു സഞ്ജുവിന്റെ മറുപടി.“സം​ഗക്കാരയൊക്കെ എന്ത് പറയുന്നു ,” എന്ന് ബേസിൽ ചോദിച്ചപ്പോൾ, “സം​ഗക്കാര സുഖമായി ഇരിക്കുന്നു” എന്നും സഞ്ജു മറുപടി നൽകി.

ഇംഗ്ലണ്ട് പേസ് ബൗളർ ജോഫ്ര ആർച്ചറെ അടുത്ത സീസണിലേക്ക് എന്തുകൊണ്ടാണ് രാജസ്ഥാൻ നിലനിർത്താതിരുന്നത് എന്നും ബേസിൽ സഞ്ജുവിനോട് ചോദിച്ചു. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ അതിന് വളരെ പക്വത നിറഞ്ഞ മറുപടിയാണ് സഞ്ജു നൽകിയത്. “അദ്ദേഹത്തിന് (ജോഫ്ര) കുറച്ച് സീരിയസായ പരിക്കാണ്. ഇംഗ്ലണ്ടിന് വേണ്ടിയും ഇപ്പോൾ കളിക്കുന്നില്ല. അതുകൊണ്ടാണ് നിലനിർത്താതിരുന്നത്. ആർച്ചറിന് ഇംഗ്ലണ്ടിൽ സ്വർണക്കട വല്ലതുമുണ്ടോ എന്ന ചോദ്യത്തിന് അതുകൊണ്ടല്ല അദ്ദേഹത്തിന്റെ അഭിമാനത്തിന്റെ ഭാഗമായാണ് സ്വർണം ധരിക്കുന്നത് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

മിന്നൽ മുരളിയുടെ അടുത്ത ഭാഗം ഉടൻ ഉണ്ടാവുമോ എന്നായിരുന്നു ബേസിലിനോടുള്ള സഞ്ജുവിന്റെ ചോദ്യം. താൻ ഇപ്പോഴും മിന്നൽ മുരളിയുടെ ആഘോഷത്തിൽ ആണെന്നും, അതുകൊണ്ട് തന്നെ ഒന്ന് രണ്ട് ഐപിഎൽ സീസണൊക്കെ കഴിഞ്ഞിട്ടെ ഇനി അതിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നായിരുന്നു സഞ്ജുവിന്റെ ചോദ്യത്തിന് ബേസിലിന്റെ മറുപടി.