SHARE

കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസ് കൂറ്റൻ സ്കോർ പി‌ന്തുടർന്ന് വിജയം കണ്ട മത്സരത്തിലെ സൂപ്പർ താരങ്ങളായിരുന്നു‌ സഞ്ജു സാംസണും, രാഹുൽ തേവാതിയയും. മത്സരത്തിൽ ഇരുവരുടേയും തകർപ്പനടികൾ ടീമിന്റെ വിജയത്തിന് പിന്നിൽ നിർണായക പ‌ങ്ക് വഹിച്ചു. എന്നാൽ സഞ്ജു തകർത്തടിച്ച് മത്സരത്തിൽ മുന്നേറവേ പന്ത് കണക്ട് ചെയ്യാൻ ബുദ്ധിമുട്ടുകയായിരുന്നു ക്രീസിലെത്തിയ ആദ്യ സമയം തേവാതിയ.

അവസാന ഓവറുകളിൽ സിക്സർ പൂരം തീർത്ത് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചെങ്കിലും ഇതിന് മുൻപ് ദയനീയമായിരുന്നു താരത്തിന്റെ കളി. പന്തിൽ ബാറ്റ് കൊള്ളിക്കാൻ പോലും പരാജയപ്പെട്ടിരുന്ന ഈ സമയത്ത് സഞ്ജു സാംസൺ ചില‌ സിംഗിളുകൾക്കുള്ള അവസരം വേണ്ടെന്ന് വെച്ചത് ക്രിക്കറ്റ് ലോകം‌ കണ്ടു. ഫോമില്ലാതെ ഉഴറുന്ന തേവാതിയയെ പരമാവധി നോൺ സ്ട്രൈക്കിംഗ് എൻഡിൽ തന്നെ നിർത്തുന്നതിനായിരു‌ന്നു‌ സഞ്ജു ഇങ്ങനെ ചെയ്തതെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്. ഇപ്പോളിതാ സഞ്ജു തന്നെ ഇക്കാര്യത്തിൽ മനസ് തുറന്നിരിക്കുന്നു.

സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ” നിങ്ങൾ ഐപിഎല്ലോ, ടി20 ഫോർമ്മാറ്റിലെ ഏതെങ്കിലും മത്സരങ്ങളോ കളിക്കുമ്പോൾ എല്ലാ ഓവറുകളും വളരെ പ്രധാനമാണ്. ഓഫ് സ്പിന്നറായ മാക്സ്‌വെൽ ബാറ്റ് ചെയ്യുമ്പോൾ വലം കൈയ്യൻ ബാറ്റ്സ്മാനായ ഞാൻ അദ്ദേഹത്തിന്റെ നിന്ന് പരമാവധി പ‌ന്തുകൾ നേരിടാൻ ആഗ്രഹിച്ചു.

ആ അഞ്ചോ, ആറോ പന്തുകളിൽ നിന്ന് മൂന്നോ, നാലോ സിക്സറുകൾ നേടുന്നതിനെക്കുറിച്ചായിരുന്നു ഞാൻ ആലോചിച്ചത്. അതാണ്‌ ഞാൻ ആ സമയം സിംഗിൾ എടുക്കാതിരുന്നത്. രാഹുൽ തേവാതിയ ഇടം കൈയ്യൻ ബാറ്റ്സ്മാനായത് കൊണ്ട്, മത്സരത്തിന്റെ ആ നിമിഷം അത്തരമൊരു തീരുമാനമായിരുന്നു ഏറ്റവും മികച്ചതായി എനിക്ക് തോന്നിയത്. ആ സിക്സറുകൾ നേടാ‌ൻ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.” ദി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവെ സഞ്ജു പറഞ്ഞു.