SHARE

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ട മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി സാംസൺ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ നിന്ന് പുറത്തായി‌. ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന യോ-യോ ടെസ്റ്റ് ജയിക്കാൻ വേണ്ടിയിരുന്ന 16.1 മാർക്ക് നേടുന്നതിൽ പരാജയപ്പെട്ട സഞ്ജുവിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ കളിക്കാനാവില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ഇന്ത്യ എ ടീമിൽ സ്ഥാനം പിടിച്ച സഞ്ജുവിന് കനത്ത തിരിച്ചടിയാണിത്.

ഇന്ത്യൻ ടീമിലെ പ്രധാന സെലക്ഷൻ മാനദണ്ഡങ്ങളിലൊന്നാണ് ഇപ്പോൾ യോ-യോ ടെസ്റ്റ്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ പരാജയപ്പെടുന്ന താരങ്ങളെ ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാറില്ല. മുൻപ് സുരേഷ് റെയ്നയും യുവരാജ് സിംഗും പല തവണ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ടിൽ നടക്കുന്ന ട്രയാംഗുലർ പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിലായിരുന്നു സഞ്ജുവിനേയും സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യ എ ടീമിന് പുറമേ, വെസ്റ്റിൻഡീസ് എ ടീമും, ഇംഗ്ലണ്ട് ലയൺസ് ടീമുമാണ് ഈ പരമ്പരയിൽ പങ്കെടുക്കുക. ശ്രേയസ് അയ്യറാണ് ഈ മത്സരങ്ങൾക്കുള്ള ഇന്ത്യൻ നായകൻ. അതേ സമയം യോ-യോ ടെസ്റ്റിലെ പരാജയത്തെത്തുടർന്ന് എ ടീമിന് വെളിയിലായ സഞ്ജുവിന് പകരക്കാരനെ ബിസിസിഐ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.