SHARE

പഞ്ചാബ് കിംഗ്സിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ 2 റൺസിന്റെ ആവേശ ജയമായിരുന്നു രാജസ്ഥാൻ റോയൽസ് നേടിയത്. അവസാന ഓവറിൽ നാല് റൺസ് പ്രതിരോധിച്ച വലം കൈയ്യൻ പേസർ കാർത്തിക്ക് ത്യാഗിയുടെ ഉജ്ജ്വല ബോളിംഗായിരുന്നു പരാജയം ഉറപ്പിച്ചിരുന്ന പിങ്ക് പടയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും രാജസ്ഥാനായി. അതേ‌സമയം മത്സരത്തിൽ വിജയിച്ചെങ്കിലും രാജസ്ഥാൻ റോയൽസ് നായക‌ൻ സഞ്ജു‌സാംസണ് ഒരു കാര്യത്തിൽ തിരിച്ചടി ലഭിച്ചു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലെ രാജസ്ഥാന്റെ കുറഞ്ഞ ഓവർ നിരക്കാണ് രാജസ്ഥാൻ നായകന് വിനയായത്. ഈ മത്സരത്തിൽ അനുവദിച്ചതിലും കൂടുതൽ സമയമെടുത്താണ് രാജസ്ഥാൻ 20 ഓവറുകൾ എറിഞ്ഞു തീർത്തതെന്ന് കണ്ടെത്തിയ മാച്ച് റഫറി 12 ലക്ഷം രൂപയാണ് സഞ്ജുവിന് ശിക്ഷ വിധിച്ചത്. ഈ സീസണിൽ ഇതാദ്യമായാണ് രാജസ്ഥാൻ ഓവർ നിരക്കിൽ വീഴ്ച വരുത്തുന്നത്. അതു കൊണ്ടാണ്‌ സഞ്ജുവിന്റെ പിഴത്തുക 12 ലക്ഷം രൂപയിൽ ഒതുങ്ങിയത്.

ഐപിഎൽ നിയമം അനുസരിച്ച് ഒരു ടീം സീസണിൽ‌ ആദ്യ തവണ ഓവർ നിരക്കിൽ വീഴ്ച വരുത്തുമ്പോൾ, നായകന് 12 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും. ഇതേ ടീം രണ്ടാം തവണയും ഈ കുറ്റം ആവർത്തിക്കുകയാണെങ്കിൽ ക്യാപ്റ്റന്റെ പിഴത്തുക ഇരട്ടിയാകും.(24 ലക്ഷം രൂപ). ഒപ്പം പ്ലേയിംഗ് ഇലവനിലുള്ള എല്ലാവരും മാച്ച് ഫീയുടെ 25 ശതമാനമോ, 6 ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) പിഴയൊടുക്കേണ്ടി വരും. മൂന്നാം തവണയും ഓവർ നിരക്കിൽ വീഴ്ച സംഭവിച്ചാൽ ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും എന്നതിനൊപ്പം ഒരു മത്സരത്തിൽ നിന്ന്‌ വിലക്കും നേരിടേണ്ടി‌ വരും. അതേ സമയം പ്ലേയിംഗ് ഇലവനിലുള്ള കളികാർ ഈ സാഹചര്യത്തിൽ 12 ലക്ഷം രൂപയോ, മാച്ച് ഫീയുടെ പകുതിയോ (ഏതാണോ കുറവ് അത്) പിഴയായി നൽകണം. നേരത്തെ ചെന്നൈ നായകൻ എം എസ് ധോണി, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഓയിൻ മോർഗൻ എന്നിവർക്കും ഓവർ നിരക്കിലെ വീഴ്ചയെത്തുടർന്ന് ഈ സീസണിൽ പിഴ ഒടുക്കേണ്ടി‌വന്നിരുന്നു.